06 December Friday

സൗരോർജം വ്യാപിപ്പിക്കണം, സംസ്ഥാനത്ത്‌ ഏറ്റവും സാധ്യത പാരമ്പര്യേതര ഊർജമേഖലയിൽ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


സ്വന്തം ലേഖകൻ
വൈദ്യുതി ഉൽപ്പാദനത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും സാധ്യത പാരമ്പര്യേതര ഊർജമേഖലയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന അക്ഷയ ഊർജ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ്‌ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത്‌ ജല വൈദ്യുതിയെയാണ്‌. എന്നാൽ, ഇന്ന്‌ അതിന്‌ പലവിധ പ്രയാസങ്ങളുണ്ട്‌. ജലവൈദ്യുത രംഗം വ്യാപിപ്പിക്കുക എന്നത്‌ കേരളത്തിൽ അത്ര എളുപ്പമല്ല. സംസ്ഥാനത്ത്‌ ഇന്ന്‌ ഏറ്റവും സാധ്യതയുള്ളത്‌ പാരമ്പര്യേതര ഊർജമേഖലയ്‌ക്കാണ്‌.

അനർട്ടിന്റെ കഴിഞ്ഞകാല പ്രവർത്തനം പരിശോധിച്ചാൽ പരമ്പരാഗത രീതിയിൽ മാത്രം മുന്നോട്ടുപോകുന്ന നിലയായിരുന്നു. പാരമ്പര്യേതരം എന്നു പറയാൻ സ്വയം പ്രവർത്തനത്തിലൂടെ സാധിക്കാത്ത നിലയാണ്‌ അനർട്ടിന്‌ ഉണ്ടായിരുന്നത്‌. അത്‌ മുന്നിൽ കണ്ടാണ്‌ കലക്ടർ എന്ന നിലയിൽ ശോഭിച്ച അമിത്‌ മീണയെ അതിന്റെ സാരഥിയാക്കിയത്‌. എന്നാൽ, അദ്ദേഹത്തിന്‌ തന്നെ എന്തോ ഒതുക്കാൻ നോക്കി എന്ന തോന്നലാണ്‌ ഉണ്ടായത്‌. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ കഴിവു വിനിയോഗിക്കാൻ കഴിഞ്ഞോ എന്ന്‌ സംശയമുണ്ട്‌.

അദ്ദേഹത്തിനു അങ്ങനെയൊരു തോന്നൽ വേണ്ട. നല്ല നിലയിൽ സ്ഥാപനത്തെ ഉയർത്തിക്കൊണ്ടുവരണം. സൗരോർജം അടക്കമുള്ള രംഗത്ത്‌ വലിയ മികവ്‌ കാണിക്കാൻ അനർട്ടിനു കഴിയും. സോളാർ എന്ന പേരിനു നേരത്തെ ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ, ഇന്നത്‌ ഒഴിഞ്ഞുപോയി. ഫലപ്രദമായി സൗരോർജം വ്യാപിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. വി കെ പ്രശാന്ത്‌ എംഎൽഎ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ,  ഊർജ വകുപ്പ്‌ സെക്രട്ടറി ഡോ. ബി അശോക്‌, അനർട്ട്‌ ഡയറക്ടർ അമിത്‌ മീണ, കെഎസ്‌ഇബിഎൽ സിഎംഡി എൻ എസ്‌ പിള്ള, ചീഫ്‌ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി സി അനിൽകുമാർ, ഇഎംസി ഡയറക്ടർ കെ എം ധരേശൻ ഉണ്ണിത്താൻ, അനർട്ട്‌ ജനറൽ മാനേജർ പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്‌ അനർട്ട്‌ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്‌തു.


പ്രധാന വാർത്തകൾ
 Top