22 October Thursday

ലക്ഷണമുണ്ടെങ്കില്‍ ആർടിപിസിആര്‍ നിര്‍ബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


ന്യൂഡൽഹി
ആന്റിജൻ പരിശോധനയിൽ കോവിഡ്  നെഗറ്റീവാകുന്നവർക്ക്‌ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. ആന്റിജൻ പരിശോധനയിൽ ‘തെറ്റായ’ നെഗറ്റീവ്‌ ഫലത്തിന് സാധ്യതയുള്ളതിനാലാണ് പുതിയ നിർദേശം. ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണമുള്ളവരെ ആന്റിജൻ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസിആർ പരിശോധനക്ക്‌ വിധേയമാക്കണമെന്ന് മുമ്പും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും പാലിക്കുന്നില്ലെന്ന്‌ ആരോഗ്യമന്ത്രാലയവും ഐസിഎംആറും ചേർന്നയച്ച കത്തിൽ പറയുന്നു. കേരളം രോഗലക്ഷണമുള്ളവരുടെ ആന്റിജൻ ഫലം നെഗറ്റീവായാലും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്‌. 

‘നെഗറ്റീവ്’‌ ഫലമുള്ളവർ മുഖേനയുള്ള സമ്പർക്കരോ​ഗബാധ തടയാനാണ് രണ്ടാംപരിശോധന‌ നിർദേശിക്കുന്നത്‌. പരിശോധന കൂടുതൽ പേരിലേക്ക്‌ എത്തിക്കാനാണ്‌ ആന്റിജൻ പരിശോധന. കൃത്യതയുള്ള പരിശോധന ആർടിപിസിആർ ആണ്.

ആന്റിജൻഫലങ്ങൾ വിലയിരുത്തി ആർടിപിസിആർ പരിശോധനക്ക് ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രത്യേക നിരീക്ഷണസംഘം വേണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഡൽഹിയിൽ ഏഴുലക്ഷത്തിലേറെ ആന്റിജൻ പരിശോധന നടത്തിയതിൽ റീടെസ്റ്റുണ്ടായത്‌ 0.8 ശതമാനം പേർക്കുമാത്രം‌. ഇതില്‍ 12 ശതമാനവും ആർടിപിസിആർ ടെസ്റ്റിൽ പോസിറ്റീവായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top