23 January Thursday

എന്റെ അമ്മുവിനെ മന:പൂർവം ഉപേക്ഷിെച്ചന്നുമാത്രം പറയല്ലേ...

ടി കെ സുധേഷ്‌കുമാർUpdated: Wednesday Sep 11, 2019


അടിമാലി
പൊന്നോമനയെ തിരികെ കിട്ടിയതിന്റെ ആശ്വാസവും സന്തോഷവും പങ്കുവച്ച്‌ അച്ഛനും അമ്മയും കുടുംബാംഗങ്ങളും.  മുളേളരിക്കുടി താന്നിക്കൽ സതീശ്‌-–-സത്യഭാമ ദമ്പതികൾ തങ്ങളുടെ പൊന്നമ്മു ജീപ്പിൽ നിന്നും തെറിച്ച് വീണതിലുള്ള നൊമ്പരം പങ്കുവയ്‌ക്കുകയാണ്‌. തങ്ങൾ കുഞ്ഞിനെ മനഃപൂർവ്വം വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടില്ല.സംഭവത്തെപ്പറ്റി കുഞ്ഞിന്റെ അച്ഛൻ സതീഷ് പറയുന്നതിങ്ങനെ:

തന്റെ മൂന്നാമത്തെ കുഞ്ഞാണ് രോഹിത. തങ്ങൾ അമ്മുവെന്ന് വിളിക്കുന്ന അവൾക്ക് ഒരു വയസ്സു കഴിഞ്ഞു. 2018ലെ പ്രളയസമയത്തായിരുന്നു അമ്മുവിന്റെ ജനനം. ഒരു വയസ്സുതികഞ്ഞ മകളും കുടുംബാംഗങ്ങളുമൊത്ത് താൻ ഞായറാഴ്‌ച രാവിലെ പഴനിക്ക് പുറപ്പെട്ടത്. തകർന്നുവീഴാറായ വീടിനുപകരം പുതിയതൊന്ന് കെട്ടാൻ മുരുകന്റെ അനുഗ്രഹമുണ്ടാകണമെന്നും അതിനായി പഴനിയിൽപോയി പ്രാർഥിക്കണമെന്നും ഭാര്യ സത്യഭാമ നിത്യവും പറഞ്ഞിരുന്നു. വൈകിട്ട്‌ പഴനിയിൽനിന്നും തിരികെ പുറപ്പെട്ടു.

യാത്രാസംഘത്തിൽ കുട്ടികൾ വേറെയും ഉണ്ടായിരുന്നതിനാൽ പലരും മാറിമാറിയായിരുന്നു കുട്ടികളെ എടുത്തിരുന്നത്. യാത്രാമധ്യേ മറയൂരിലെ ബന്ധുവീട്ടിലിറങ്ങി ഭക്ഷണം കഴിച്ചു. ആറുമാസംമുമ്പ് ഉണ്ടായ അസുഖത്തെ തുടർന്ന് ഭാര്യ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചശേഷം മറയൂരിൽവച്ച് ഭാര്യ മരുന്നും കഴിച്ചു. ഈ മരുന്നുകഴിച്ചാൽ ഉറക്കവും ക്ഷീണവും പതിവാണ്. തങ്ങൾ യാത്ര തുടർന്നു. ഇതിനിടയിൽ പാൽ കുടിക്കാനായി കരഞ്ഞ കുഞ്ഞിനെ കൂടെയുണ്ടായിരുന്ന ബന്ധു ഭാര്യക്ക് കൈമാറി.

തല മൊട്ടയടിച്ചിരുന്നതിനാൽ ചൊറിച്ചിൽ അനുഭവപ്പെട്ട കുഞ്ഞിന്റെ ശരീരത്തു നിന്നും വസ്ത്രം ഊരി മാറ്റിയിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഭാര്യ കുഞ്ഞിനെ ടർക്കി ഉപയോഗിച്ച് പൊതിഞ്ഞായിരുന്നു പിടിച്ചിരുന്നത്.സമയം പിന്നിട്ടപ്പോൾ എല്ലാവരും ഉറക്കത്തിലാണ്ടു.ഇതിനിടയിലാണ് കുഞ്ഞ്  വാഹനത്തിൽ നിന്നും തെറിച്ചുവീണത്. കമ്പിളികണ്ടത്തെത്തി ജീപ്പിൽ നിന്നും എല്ലാവരും ഇറങ്ങി.കൂടെയുണ്ടായിരുന്ന കുട്ടികളെ പലരും എടുത്ത് പിടിച്ചിരുന്നതിനാൽ അമ്മുവിനെ മാത്രം ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ല.

വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞില്ലെന്ന് വിവരം തിരിച്ചറിയുന്നത്. കൂട്ടക്കരച്ചിലായി. ജീപ്പിനുള്ളിലും വാഹനത്തിനടിയിലുമെല്ലാം അരിച്ചുപെറുക്കി. തങ്ങളുടെ ബഹളംകേട്ട് ടൗണിൽ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തി. വിവരമറിയിച്ചതോടെ അവർ വെള്ളത്തൂവൽ സ്‌റ്റേഷനുമായി ബന്ധപ്പെട്ടു.

എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നതിനിടയിൽ കുട്ടിയെ മൂന്നാറിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വന്ന ജീപ്പിൽ തന്നെ മൂന്നാറിലെത്തി കുട്ടിയെ കണ്ടപ്പോഴാണ് ശ്വാസം തിരിച്ചു കിട്ടിയതെന്നും സതീഷ് പറയുന്നു. പൊന്നുപോലെ നോക്കുന്ന തന്റെ കുഞ്ഞിനെ മനഃപൂർവ്വംവഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചുവെന്ന് മാത്രം പറയരുതെന്ന്‌ സതീഷിന്റെ ഭാര്യ സത്യഭാമയും കരച്ചിലോടെ പറഞ്ഞു. സംഭവത്തിൽ നെറ്റിക്ക് നിസാര പരിക്കേറ്റ പെൺകുഞ്ഞ് മാതാപിതാക്കൾക്കൊപ്പം മുനിയറ മുള്ളരിക്കുടിയിലെ വീട്ടിലാണുള്ളത്


പ്രധാന വാർത്തകൾ
 Top