15 November Friday
ജോസ‌് വിഭാഗത്തെ ഒഴിവാക്കി

അനുനയിപ്പിക്കാൻ യുഡിഎഫ്‌; മനസ്സ്‌ തുറക്കാതെ ജോസഫ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


സ്വന്തം ലേഖകൻ
പാലാ
പാലാ ഉപതെരഞ്ഞെടുപ്പുകഴിയുന്നതുവരെ പി ജെ ജോസഫിനെ അനുനയിപ്പിച്ച‌് കൂടെനിർത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ‌് കൺവീനർ ബെന്നി ബഹന്നാന്റെ നേതൃത്വത്തിൽ ജോസഫ‌് വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച‌് ‘ചർച്ച പ്രഹസനം’.  അടുക്കാനാവാത്തവിധം അകന്ന ജോസഫ‌്﹣- ജോസ‌് വിഭാഗങ്ങളെ ഒരുമിച്ച‌് ഇരുത്തിയുള്ള ചർച്ച ഫലം കാണില്ലെന്ന‌ തിരിച്ചറിവാണ‌് ഈ നീക്കത്തിന‌് കാരണം.

തെരഞ്ഞെടുപ്പുവരെ ജോസഫ‌് വിഭാഗത്തെ പ്രകോപിപ്പിക്കാതെ യുഡിഎഫ‌് സ്ഥാനാർഥിക്ക‌് അനുകൂലസാഹചര്യം ഒരുക്കുകയെന്ന തന്ത്രമാണ‌് ജോസ‌് വിഭാഗത്തിന്റെകൂടി തിരക്കഥയിൽ മുന്നണി നേതൃത്വം നടപ്പാക്കുന്നത‌്.   ജോസ‌് പക്ഷത്തുനിന്നും ഇനി പ്രകോപനം ഉണ്ടാകില്ലെന്ന സന്ദേശം ബെന്നി ബഹന്നാൻ ജോസഫ‌് പക്ഷത്തിന‌് കൈമാറുക മാത്രമാണുണ്ടായത‌്.  പാലായിൽ പ്രചാരണത്തിന‌് എത്തുമോ എന്ന ചോദ്യത്തിന‌് വ്യക്തമായ മറുപടി നൽകാൻ പി ജെ ജോസഫ‌് ഇനിയും തയ്യാറായിട്ടില്ല.

പാലായിൽ ഒന്നിച്ചുള്ള പ്രചാരണത്തിന‌് അനുകൂല സാഹചര്യം ഒരുക്കുമെന്ന‌് യുഡിഎഫ‌് നേതാക്കൾ ഉറപ്പുനൽകിയെന്ന‌് മാത്രമാണ‌് തൊടുപുഴയിൽ പി ജെ ജോസഫ‌് പ്രതികരിച്ചത‌്. ജോസ‌് കെ മാണിയുമായി വേദി പങ്കിടുമോ എന്ന്‌ ചോദിച്ചപ്പോൾ പ്രധാന പരിപാടി കഴിഞ്ഞല്ലോ എ‌ന്നായിരുന്നു മറുപടി.  തർക്കം പരിഹരിക്കാൻ ഇരുവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള ചർച്ചയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത‌്. ഇതിനിടെ ജോസ‌് കെ മാണിക്കെതിരെ പി ജെ ജോസഫ‌് സ്വകാര്യ ചാനലിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. പുതിയ വഴി തേടുന്നുവെന്നും തുറന്നുപറഞ്ഞു. ഇതോടെ, കൺവീനർ സ്ഥലത്തില്ലെന്ന‌്‌ പറഞ്ഞ‌് യുഡിഎഫ‌് നേതൃത്വം ചർച്ച അടുത്ത ദിവസത്തേക്ക‌് മാറ്റുകയായിരുന്നു.

ജോസഫിന്റെ ചാനൽ അഭിമുഖത്തിൽ ജോസ‌് വിഭാഗത്തിന‌് കടുത്ത അമർഷമുണ്ടെങ്കിലും തൽക്കാലം അടങ്ങിയിരിക്കാനാണ‌് യുഡിഎഫ‌് നേതൃത്വത്തിന്റെ നിർദേശം. ജോസഫിന്റെ ചാനൽ അഭിമുഖത്തിന്റെ പശ‌്ചാത്തലത്തിലാണ‌് ജോസ‌് വിഭാഗത്തെ അവർ ചർച്ചയിൽ നിന്നും ഒഴിവാക്കിയത‌്. ബെന്നി ബെഹന്നാനെ കൂടാതെ തിരുവഞ്ചൂർ രാധാകൃഷ‌്ണൻ, കെ സി ജോസഫ‌്, ജോസഫ‌് വാഴയ‌്ക്കൻ എന്നിവരും ജോസ‌ഫ‌് വിഭാഗത്തിലെ മോൻസ‌് ജോസഫ‌്, ജോയി അബ്രാഹം, ടി യു കുരുവിള എന്നിവരുമാണ‌് പങ്കെടുത്തത‌്.

കൂക്കുവിളി ഉൾപ്പെടെ ഇനി  ഉണ്ടാകില്ലെന്ന ആത്മവിശ്വാസമാണ‌് ചർച്ചയ‌്ക്കു ശേഷം ബെന്നി ബഹന്നാൻ മാധ്യമപ്രവർത്തകർക്കുമുന്നിൽ പ്രകടിപ്പിച്ചത‌്. ജോസഫിന‌് അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർഭാഗത്തുനിന്നും പ്രശ‌്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദേശംനൽകാമെന്ന‌് യുഡിഎഫ‌് നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന‌് മോൻസ‌് ജോസഫും പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top