21 October Monday

വിജിലൻസ്‌ റെയ്‌ഡ് : ചെക്ക്‌പോസ്റ്റുകളിൽ വൻ ക്രമക്കേടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


തിരുവനന്തപുരം
അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിജിലൻസ്‌ നടത്തിയ  റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. എക്സൈസ് –-മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നികുതി കുറച്ചു നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്‌ഡ്‌.   പല ചെക്ക്പോസ്റ്റുകളിലും കണക്കിൽപെടാത്ത പണം  കണ്ടെത്തി. ചില ഓഫീസുകളിൽ യഥാർഥ തുക കുറച്ചു കാണിച്ചതായും കണ്ടെത്തി.

പാലക്കാട് ജില്ലയിലെ വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ ബിൽ പ്രകാരമുള്ളതിനേക്കാൾ 20,000 -രൂപ ക്യാഷ് കൗണ്ടറിൽ കുറവാണെന്ന്‌ കണ്ടെത്തി. പരിശോധനയിൽ തൊട്ടടുത്ത മുറിയിൽനിന്ന്‌ 10,000 - രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പക്കൽനിന്ന്‌ കണക്കിൽപെടാതെ 2500 രൂപയും കണ്ടെത്തി. വയനാട് തോൽപ്പെട്ടി മോട്ടോർ വാഹന ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 10,070 -രൂപ കണ്ടെത്തി. ഇവിടെ ചിലർ ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോൾ അതത്‌ ദിവസം കൈക്കൂലിയായി കിട്ടാൻ സാധ്യതയുള്ള തുക മുൻകൂട്ടി കണ്ട്, കൈവശമുള്ള തുക എഴുതേണ്ട ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ ചേർത്തെഴുതുന്നതായും കണ്ടെത്തി.

കൊല്ലം ആര്യങ്കാവ് മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ സ്വകാര്യ ഏജന്റ് മോട്ടോർ വാഹന ഓഫീസിലിരുന്ന് ബില്ലുകളിലും ജിഡി ആറിലും സീൽ പതിച്ചുനല്കുന്നതായി കണ്ടെത്തി. ഇയാളിൽനിന്ന്‌ 5450 രൂപയും പിടിച്ചെടുത്തു. വെയ്‌ബ്രിഡ്ജ് മാസങ്ങളായി പ്രവർത്തിക്കുന്നില്ല. അതിനാൽ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾ കൈക്കൂലി വാങ്ങി കടത്തിവിടുകയാണ്‌. എക്സൈസ് ചെക്ക്പോസ്റ്റിൽ ലോറി ക്ലീനർമാർ 200  രൂപമുതൽ 500 രൂപ വരെ ആർസി ബുക്കിനകത്ത്‌ വച്ച്‌ കൈക്കൂലി നൽകുന്നതായും വിജിലൻസ് കണ്ടെത്തി.

പാലക്കാട് ഗോവിന്ദാപുരം എക്‌സൈസ് ചെക്ക്പോസ്റ്റിൽ റെസ്റ്റ് റൂമിൽനിന്ന്‌ 950 - രൂപ കണ്ടെത്തി.- തിരുവനന്തപുരം അമരവിള മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ പരസ്പര ധാരണയിൽ ഉദ്യോഗസ്ഥർ തുടർച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നതായും മേലുദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. റെയ്‌ഡ്‌ സംബന്ധിച്ച്‌ വിശദ റിപ്പോർട്ട് ഉടൻ സർക്കാരിനു കൈമാറുമെന്നും വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വിജിലൻസ് ഡയറക്ടർ എസ്‌ അനിൽ കാന്ത് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top