23 April Tuesday

നടതള്ളിയ അരുമകളെ കാത്ത് ഇടവഴിയിലുണ്ട് ഈ ഡോക്ടർ

സതീഷ‌്ഗോപിUpdated: Tuesday Sep 11, 2018


ഡോ. സുഷമാപ്രഭു വരുമ്പോൾ കൈയ്യിലെ തീറ്റയിലല്ല സിതാരയുടെ നോട്ടം. കൂട‌് തുറന്നുകിട്ടിയാൽ തുടങ്ങും സ്നേഹപ്രകടനം. സമീപത്ത് ബെല്ലയും കോമളനും സുന്ദരനുമൊക്കെ ഊഴം കാത്ത് ബഹളം കൂട്ടുന്നുണ്ടാകും. അപകടങ്ങളിൽ മുറിവേറ്റതും വയസ്സായപ്പോൾ ഉടമകൾ ഉപേക്ഷിച്ച അരുമകളുമൊക്കെയാണ് കണ്ണൂർ എസ്പിസിഎ അങ്കണത്തിലെ ഈ നായക്കൂട്ടം. പരിക്കേറ്റും ആട്ടിയകറ്റിയും വഴിയോരങ്ങളിൽ കാണുന്ന  മൃഗങ്ങളെ കാത്തിരിക്കുകയാണ് താണയിലെ ഈ പീഡിയാട്രീഷ്യൻ. എല്ലുതകർന്നവയെ ശസ്ത്രക്രിയ ചെയ്തും പുഴുവരിച്ചവയെ പരിപാലിച്ചും മടക്കിവിളിക്കുന്ന ഈ കാരുണ്യം ചില പാഠങ്ങൾ പകർന്നുനൽകുന്നുണ്ട്.

രക്ഷിച്ചവയിൽ പൂച്ചകളും കന്നുകാലികളും ആടുകളുമുണ്ട്. വീട്ടിൽ നായ്ക്കളുണ്ടായതിനാൽ ചെറുപ്പത്തിലേ വളർത്തുമൃഗങ്ങളോട് കമ്പമുണ്ടായിരുന്നു. ഇഎൻടി സർജനായ ഭർത്താവ് ഡോ. കെ പി സുരേന്ദ്രപ്രഭുവിനും മൃഗങ്ങളെ പ്രിയമാണ്. അഞ്ചുവർഷം മുമ്പാണ് പീപ്പിൾ ഫോർ അനിമൽ വെൽഫെയർ എന്ന സന്നദ്ധസംഘടന രൂപീകരിച്ചത്. എസ്പിസിഎയുമായി സഹകരിച്ചാണ് പ്രവർത്തനം. സംഘടനവഴി മൃഗങ്ങൾക്കുള്ള മരുന്നും ഭക്ഷണസാധനങ്ങളും ലഭിക്കുന്നത് ആശ്വാസമാണ്. അല്ലാത്തപ്പോൾ സ്വന്തം പണമെടുത്താണ് തീറ്റ നൽകലും പരിപാലനവും.

പാർലമെന്റ് പാസാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം സംസ്ഥാനങ്ങളിൽ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങൾ തെരുവുമൃഗങ്ങൾക്കായി ഷെൽട്ടർ സ്ഥാപിക്കണം. വെറ്ററിനറി ഡോക്ടറുടെ സേവനവും ലഭ്യമാക്കണം.

ഇവർ പരിപാലിക്കുന്ന മൃഗങ്ങളെ താൽപര്യമുള്ളവർക്ക് വളർത്താൻ ദത്ത് നൽകും. വന്ധ്യംകരണം നടത്തിയശേഷമേ കൈമാറൂ. ബ്രീഡർമാർക്ക് നൽകില്ല. പ്രായമായി നോക്കാൻ ബുദ്ധിമുട്ടായാൽ മടക്കിനൽകണം. എസ്പിസിഎയുടെ അങ്കണത്തിൽ ഇവയെ പരിപാലിക്കാൻ പ്രയാസമായതിനാൽ മറ്റെവിടെയെങ്കിലും ഒരു കേന്ദ്രം ആരംഭിക്കാനാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. സ്വകാര്യവ്യക്തികളോ തദ്ദേശസ്ഥാപനങ്ങളോ ഭൂമി കൈമാറുകയോ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയോ ചെയ്താൽ വാങ്ങാൻ തയ്യാറാണ്. തെരുവുനായകളെ കൊല്ലുന്നത് തടഞ്ഞപ്പോൾ നാട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. സുഷമാപ്രഭു താണയിൽ എസ്എം ഹോസ്പിറ്റൽ നടത്തുകയാണ്. മക്കളായ വിജേന്ദ്രപ്രഭു ഓസ്ട്രേലിയയിലും വാസുദേവ് കാസർകോട്ടുമാണ്.

കൂടുകളിലെ ശുചീകരണത്തിന് ശേഷം അരുമകൾക്ക് തീറ്റ നൽകി ഡോക്ടർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ കുട്ടികളുടെ ക്ലിനിക്കിലേക്ക്. അവിടെനിന്നും ഉച്ചയോടെ വീട്ടിലേക്ക്. തെരുവിൽനിന്നും വന്ന ഏഴ് അതിഥികൾ ഇപ്പോൾ അവിടെയാണ്. സാമിയും സബെല്ലയും കുഞ്ഞിയുമൊക്കെ.


പ്രധാന വാർത്തകൾ
 Top