22 September Tuesday

3 മൃതദേഹം കൂടി; മരണം 52 ; 18 പേർക്കായി തെരച്ചിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


മൂന്നാർ
രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട മൂന്നുപേരുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചെല്ലദുരൈ(55), രാജയ്യ(54), രേഖ(27) എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി. ഒമ്പതു   കുട്ടികളടക്കം കണ്ടെത്താനുള്ള 18 പേർക്കായി തെരച്ചിൽ ബുധനാഴ്ച തുടരും.

അപകടമുണ്ടായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി പെട്ടിമുടി പുഴയിലാണ് മൂന്ന്‌ മൃതദേഹവും കണ്ടെത്തിയത്. പതിവ് തെരച്ചിലിൽനിന്നും മാറി ഗ്രാവൽ ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. കഴിഞ്ഞ ദിവസവും ഇവിടെനിന്നും മൃതദേഹങ്ങൾ ലഭിച്ചിരുന്നു.

ലയങ്ങളിരുന്ന സ്ഥലത്ത് നാല്  മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ്‌ ചൊവ്വാഴ്‌ച രാവിലെ തെരച്ചിൽ ആരംഭിച്ചത്‌. എന്നാൽ പ്രയോജനം ഉണ്ടായില്ല. കനത്ത മൂടൽമഞ്ഞും ശക്തമായ മഴയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പൊലീസ് എന്നിവർക്കു പുറമെ ഡിവൈഎഫ്ഐ ഉൾപ്പെടെ സന്നദ്ധ സേനാംഗങ്ങളടക്കം മൂന്നൂറോളം പേർ തെരച്ചിലിൽ പങ്കെടുത്തു.  

മന്ത്രി എം എം മണിയുടെ നേതൃത്വത്തിലാണ്‌ ദുരന്തസ്ഥലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. എസ്‌ രാജേന്ദ്രൻ എംഎൽഎയും തുടക്കംമുതൽ പ്രദേശത്തുണ്ട്‌. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ ആർ പ്രമോദ് പെട്ടിമുടിയിലെത്തി സ്ഥിതി വിലയിരുത്തി.  വിശദമായ റിപ്പോർട്ട് സർക്കാരിന്‌ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top