23 September Wednesday

ദുരന്തത്തിലും പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നു; തമിഴ്‐ കേരള വിവേചനത്തിന് ഇടയാക്കുന്ന ഉത്തരവാദിത്തരഹിതമായ പ്രസ്‌താവന നടത്തി : എ വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Tuesday Aug 11, 2020


തമിഴ്‐ കേരള വിവേചനത്തിന് ഇടയാക്കുന്ന ഉത്തരവാദിത്തരഹിതമായ പ്രസ്‌താവനയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി വി മുരളീധരനും നടത്തിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പെട്ടിമുടി ദുരന്തമേഖല സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

സർക്കാർ ധനസഹായം സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷവും ബിജെപിയും പ്രചരിപ്പിക്കുന്നത്. പെട്ടിമുടിയിലുള്ള കൂടുതൽ തൊഴിലാളികളും തമിഴ്‌വംശജരാണ്‌. ഇവിടെ വിഭാഗീയ ചിന്താഗതി വളർത്തുന്ന വിധത്തിൽ പ്രസ്‌താവന നടത്തുന്നത്‌ സ്വന്തം സ്ഥാനത്തിന്‌ ചേർന്നതാണോയെന്ന്‌ ഇവർ ചിന്തിക്കണം. ചെന്നിത്തലയുടെ പ്രസ്‌താവനയുടെ പ്രതിധ്വനിയാണ്‌ കേന്ദ്രമന്ത്രിയുടെയും വാക്കുകൾ. ഉത്തരവാദരഹിതമായി മൂല്യമില്ലാത്ത പ്രസ്‌താവനകൾ പുറപ്പെടുവിച്ച ഇവർ മാപ്പ്‌ പറയണം.

കരിപ്പൂരിലെയും പെട്ടിമുടിയിലെയും ദുരന്തങ്ങൾ രണ്ടു വിധത്തിലുള്ളതാണ്. കരിപ്പൂരിൽ പുനരധിവാസം ബാധകമല്ല. പെട്ടിമുടിയിൽ നഷ്ടപരിഹാരത്തിനുപുറമെ പുനരധിവാസമടക്കം ഒരുക്കേണ്ടതുണ്ട്. ഇതൊരു പാക്കേജാണെന്ന്‌ മനസ്സിലാക്കണം. പെട്ടിമുടിയിൽ മന്ത്രി എം എം മണിയടക്കം നിരവധി മന്ത്രിമാർ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകാനെത്തി. അതെല്ലാം മറച്ചുവച്ച്‌ രാഷ്‌ട്രീയ ലാഭക്കച്ചവടത്തിനുവേണ്ടി പ്രകൃതിദുരന്തത്തെ ഉപയോഗിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ ജെ തോമസും അദ്ദേഹത്തോടൊപ്പം പെട്ടിമുടി സന്ദർശിച്ചു.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ഇടുക്കി രൂപതാ ബിഷപ്‌ മാർ ജോൺ നെല്ലിക്കുന്നേൽ തുടങ്ങിയവരും തിങ്കളാഴ്‌ച പെട്ടിമുടി ദുരന്തപ്രദേശം സന്ദർശിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top