24 September Thursday

സ്വർണക്കടത്ത്‌ കേസിൽ യുഎപിഎ നിലനിൽക്കും ; സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

സ്വന്തം ലേഖകൻ
സ്വർണക്കടത്ത്‌ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി. ദേശവിരുദ്ധപ്രവർത്തനങ്ങൾ തടയാനുള്ള നിയമം (യുഎപിഎ) കേസിൽ നിലനിൽക്കുമെന്ന്‌ കോടതി നിരീക്ഷിച്ചു. കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്നും തീവ്രവാദബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നുമുള്ള സ്വപ്‌നയുടെ വാദം കോടതി അംഗീകരിച്ചില്ല.

രണ്ടാംപ്രതി സ്വപ്‌ന കുറ്റക്കാരിയാണെന്നതിന്‌ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന്‌ കോടതി പറഞ്ഞു. കേസ്‌ ഡയറിയിൽ പ്രതിക്കെതിരെയുള്ള തെളിവുകൾ ശക്തമാണ്‌. നയതന്ത്ര ബാഗേജിലൂടെ നിരവധിതവണ സ്വർണം കടത്തിയതിന്‌ തെളിവുണ്ട്‌. സ്വർണക്കടത്തിന്‌ തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിർത്ത്‌ അസി. സോളിസിറ്റർ ജനറൽ രണ്ടുവട്ടം കോടതിയിൽ ഹാജരായി. എൻഐഎ അന്വേഷണം സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണെന്ന്‌ അദ്ദേഹം നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. ‌മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ അയച്ച കത്ത്‌ കോടതിയിൽ വായിക്കുകയും സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.  കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന പ്രതിഭാഗ വാദത്തെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, കോടതിയുടെ ആവശ്യപ്രകാരം കേസ്‌ ഡയറിയും ഹാജരാക്കി.

ദേശവിരുദ്ധപ്രവർത്തനങ്ങളുമായി സ്വർണക്കടത്തിനെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിയോട്‌ കോടതി ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top