23 September Wednesday

പ്രളയഫണ്ട്‌ ചെലവഴിച്ചത്‌ കൃത്യതയോടെ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


തിരുവനന്തപുരം
പ്രളയഫണ്ട് കൃത്യമായി ചെലവഴിക്കുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.  പുത്തുമലയിലും കവളപ്പാറയിലും കൃത്യമായ പുനരധിവാസ പ്രവർത്തനമാണ്‌ നടക്കുന്നത്‌. എല്ലായിടങ്ങളിലും പ്രളയഫണ്ട് കൃത്യമായി ചെലവഴിച്ച്‌  ജനങ്ങൾക്ക് സഹായം പരമാവധി എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

ദുരന്തം നേരിട്ടവരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാട്. ഇതുതന്നെയാണ്‌ രാജമലയിലെ അപകടത്തിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. അവിടെ പത്തുലക്ഷം കൊടുത്തില്ല അഞ്ചുലക്ഷമേ പ്രഖ്യാപിച്ചുള്ളൂവെന്നും മറ്റും പ്രചാരണമുണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുത്തുമല
വയനാട്‌ ജില്ലയിലെ പുത്തുമലയിൽ 17 പേരാണ്‌ മരിച്ചത്. അവരുടെ കുടുംബങ്ങൾക്ക് നാല്‌  ലക്ഷം രൂപവീതം ധനസഹായം നൽകി. രണ്ട്‌  തമിഴ്നാട് സ്വദേശികൾ അടക്കമുള്ളവർക്കും ഈ തുക നൽകി.   തൊണ്ണൂറ്റാറ്‌ കുടുംബത്തിന്‌ വീട് നഷ്ടപ്പെട്ടു. ഇതിൽ 44 കുടുംബത്തിന്‌ സ്ഥലം വാങ്ങി വീടു വയ്‌ക്കാൻ പത്തു ലക്ഷംവീതം അനുവദിച്ചു. 52 കുടുംബം ഒന്നിച്ച് ഒരു കമ്യൂണിറ്റിയായി ജീവിക്കാനാണ് ആഗ്രഹമെന്ന്‌ അറിയിച്ചു. അതിനായി ഹർഷം പദ്ധതി ആവിഷ്കരിച്ചു. അവിടെ മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് വീട് നിർമിക്കുന്നത്. സർക്കാർ നാല്‌  ലക്ഷം രൂപവീതം നൽകും. സന്നദ്ധ സംഘടനകൾ ചേർന്ന് ബാക്കി തുക നൽകും.

കവളപ്പാറ
മലപ്പുറം ജില്ലയിലെ കവളപ്പാറ ദുരന്തത്തിൽ 59 പേരാണ്‌ മരിച്ചത്‌. കുടുംബങ്ങൾക്ക് ധനസഹായമായി നാല് ലക്ഷം രൂപവീതം നൽകിയിട്ടുണ്ട്.

വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച്‌ നൽകുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്.  ഇത്‌ നല്ല രീതിയിൽ പുരോഗമിക്കുന്നു.  അറുപത്തേഴ്‌ പേർക്ക് സ്ഥലം വാങ്ങി വീടുവയ്‌ക്കാൻ പദ്ധതി തയ്യാറാക്കി. 6.7 കോടി സർക്കാർ അനുവദിച്ചു. ഓരോ ഘട്ടം പിന്നിടുമ്പോൾ പണം കൈമാറുകയാണ് ചെയ്യുന്നത്.

മുപ്പത്തിമൂന്ന്‌ കുടുംബത്തിന്‌ എം എ യൂസഫ് അലി വീട് നൽകുന്നുണ്ട്. സ്ഥലത്തിനുള്ള പണം സർക്കാർ നൽകി. വീടിനുള്ള ആദ്യ ഗഡുവും  കൈമാറിയിട്ടുണ്ട്.  മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സർക്കാർ മുൻകൈയിൽ അവിടെ വീടുകൾ നിർമിക്കുന്നുണ്ട്. ചിലത് പൂർത്തിയായി കൈമാറി.  പോത്തുകല്ല് ചളിക്കൽ കോളനിയിലെ 34 കുടുംബത്തിന്‌ വീട് നിർമിച്ച്‌ നൽകി. സർക്കാർ വാങ്ങിയ ഭൂമിയിൽ ഫെഡറൽ ബാങ്കാണ് വീട് നിർമിച്ചത്. സർക്കാർ 1,72,31,500 രൂപ ഇതിനായി ചെലവഴിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top