22 September Sunday

കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണം കവർന്നവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


പള്ളുരുത്തി
മത്സ്യവ്യാപാരിയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണം കവർന്നുവെന്ന കേസിൽ മൂന്നുപേർ പിടിയിൽ. ആലപ്പുഴ വ്യാസപുരം കൊട്ടക്കാട്ടുവെളി വീട്ടിൽ കിരൺരാജ് (22), ബന്ധുക്കളായ രഞ്ജിത്ത് (27), തലവടി സ്വദേശി ഉണ്ണി (21) എന്നിവരെയാണ് പള്ളുരുത്തി സിഐ ജോയി മാത്യു, എസ്ഐ വൈ ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമ്പളങ്ങി കണ്ടത്തിപ്പറമ്പിൽ കെ പി ഈശിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞാണ്‌ ഇവർ ഒന്നര ലക്ഷത്തോളം രൂപ തട്ടിയത്. കഴിഞ്ഞ ബുധനാഴ്‌ച വെളുപ്പിന് അഞ്ചരയോടെയായിരുന്നു സംഭവം. 

ചെമ്മീൻ വാങ്ങാൻ പണവുമായി കണ്ണമാലി ചാലിപ്പുറത്തേക്ക് പോകുന്നതിന്‌ ഈശി വീടിന്‌ സമീപമുള്ള റോഡിലെത്തി ഓട്ടോയിൽ കയറുന്നതിനിടെ പ്രതികൾ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു. മൂവരും ഈശിയുടെ മത്സ്യ വ്യാപാര സ്ഥാപനത്തിലെ മുൻ ജീവനക്കാരാണ്‌. ശനിയാഴ്‌ച രാത്രിയാണ്‌ പ്രതികൾ പിടിയിലായത്. എസ്ഐ സി ആർ സിങ്‌, എഎസ്ഐമാരായ ജി കലേശൻ, പി സന്തോഷ്, സുഘോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സമദ്, സുധീർ, സിപിഒമാരായ ബാബു, ലാലൻ, വിജയൻ, പ്രസാദ്, വിനു, ഹനീർ, പ്രിൻസൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ്‌ ചെയ്തു.
 


പ്രധാന വാർത്തകൾ
 Top