21 September Saturday

ജീവിതം നെയ്യാൻ ബാക്കിയാകുമോ പാവും തറിയും...?

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


കൊച്ചി
‘ക്യാമ്പിൽനിന്ന് തിരിച്ചെത്തുമ്പോൾ പാവും തറിയും ഉണ്ടാകുമോ?... ആറുമാസമേ ആയിട്ടുള്ളൂ പുതിയ പാവും തറിയും വാങ്ങി നെയ്‌ത്ത്‌ ആരംഭിച്ചിട്ട്... അതിനിടയിൽ വീണ്ടും...’ ലിനിയുടെ വാക്കുകൾ മുറിഞ്ഞു. പറവൂർ തെക്കുംപുറം സ്വദേശിനി ലിനി  20 വർഷമായി  കൈത്തറി നെയ്‌ത്ത്‌ തൊഴിലാളിയാണ്. പറവൂർ ടൗൺ കൈത്തറി സംഘം ഈവണിലാണ് ഇവർ  പ്രവർത്തിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിൽ ലിനിയുടെ പാവും തറിയും വീടുമെല്ലാം വെള്ളത്തിൽ മുങ്ങി.  നെയ്തുവച്ചിരുന്ന 15 മുണ്ടും നശിച്ചുപോയിരുന്നു. ഒരു പ്രളയാനുഭവമുള്ളതുകൊണ്ട് വെള്ളം കയറി തുടങ്ങിയപ്പോഴെ ലിനിയും കുടുംബവും ക്യാമ്പിലേക്ക് പോന്നു. അതിനിടയിൽ നെയ്തുവച്ച മൂന്ന്‌ മുണ്ട് സംഘത്തിൽ ഏൽപ്പിച്ചു. നഷ്ടത്തിന്റെ ആക്കം കുറയ്ക്കാനായിരുന്നു ശ്രമം. പക്ഷേ, തറിയും പാവും എടുത്തുവയ്ക്കാനായില്ല. അതിന്റെ അങ്കലാപ്പിലാണ് ലിനിയിപ്പോൾ. പാവ് നശിച്ചാലും തറിക്കൊന്നും പറ്റില്ലെന്ന പ്രതീക്ഷയിലാണ് ഇവർ.

റോട്ടറിയുടെ സഹായവും കുടുംബശ്രീയിൽനിന്ന് ലോണെടുത്തുമാണ് പ്രളയത്തിനുശേഷം കൈത്തറി നെയ്ത്ത് പുനരാരംഭിച്ചത്. വീണ്ടും പ്രളയമെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയിലാണിവർ. ഭർത്താവ് സജീഷിനും മക്കൾ ഗീതുവിനും ബിനുരാജിനുമൊപ്പമാണ് പറവൂർ ശ്രീനാരായണ പുല്ലംകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വെള്ളിയാഴ്ച രാവിലെ ലിനിയെത്തിയത്.  അതിജീവനത്തിന്റെ പാതയിലായിരുന്നു ലിനി ഉൾപ്പെട്ട കൈത്തറി നെയ്‌ത്ത്‌ തൊഴിലാളികൾ. നിരവധി നെയ്‌ത്ത്‌ തൊഴിലാളികളാണ് ​മഴവെള്ളപ്പാച്ചിലിൽ ക്യാമ്പുകളിൽ അഭയംപ്രാപിച്ചത്.

സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സഹായം കൊണ്ടും കടംവാങ്ങിയും പുനരാരംഭിച്ച കൈത്തറി നെയ്ത്തുയൂണിറ്റുകൾ ഇനിയും വെള്ളം വിഴുങ്ങുമോയെന്ന ആശങ്കയിലാണ് ഇവർ.


പ്രധാന വാർത്തകൾ
 Top