17 November Sunday

കൂട്ടായ പ്രക്ഷോഭമുയര്‍ത്തും: സിഐടിയു ; ജനറല്‍ കൗണ്‍സിൽ സമാപിച്ചു

അനീഷ് ബാലൻUpdated: Sunday Aug 11, 2019


ഹാസൻ
കേന്ദ്രസർക്കാരിന്റെ  -തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ബഹുജനപങ്കാളിത്തത്തോടെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്താന്‍ ആഹ്വാനംചെയ്ത് സിഐടിയു ജനറൽ കൗൺസിൽ സമാപിച്ചു.14ന്‌ രാജ്യവ്യാപകമായി ജില്ലകൾ കേന്ദ്രീകരിച്ച്‌ തൊഴിലാളികൂട്ടായ്‌മ സംഘടിപ്പിക്കും. രാജ്യമെമ്പാടും  ശക്തമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും. ചേരാവുന്ന സംഘടനകളുമായെല്ലാം സഹകരിച്ച് വൻ പ്രക്ഷോഭം ഉയർത്താനും നാലുദിവസമായി ഹാസനിൽ ചേര്‍ന്ന ജനറൽ കൗൺസിൽ തീരുമാനിച്ചു.

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ പണിമുടക്ക് നടത്തും. ജനുവരിയിൽ ചെന്നൈയിൽ നടക്കുന്ന അഖിലേന്ത്യസമ്മേളനത്തിൽ പണിമുടക്കിനുള്ള രൂപരേഖ തയ്യാറാക്കും. സിഐടിയുവിന്റെ അമ്പതാംവാർഷികവും ഇന്ത്യൻ ട്രേഡ് യൂണിയന്റെ നൂറാംവാർഷികവും വിപുലമായി ആചരിക്കും. സിഐടിയു രൂപീകൃതമായ കൊൽക്കത്തയിൽ വച്ച് സുവർണജൂബിലി സമാപനം സംഘടിപ്പിക്കും.

സെപ്തംബർ അഞ്ചിന് കർഷകസംഘം നടത്തുന്ന പ്രതിഷേധസമരങ്ങൾക്ക് സിഐടിയു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ജനറൽ സെക്രട്ടറി തപൻ സെൻ അവതരിപ്പിച്ച റിപ്പോർട്ട് ജനറൽ കൗൺസിൽ അംഗീകരിച്ചു. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവർക്ക് ജനറൽ കൗൺസിലിൽ ആദരാഞ്ജലിയർപ്പിച്ചു.
ജനുവരി 23 മുതൽ 27 വരെ ചെന്നൈയിലാണ് സിഐടിയു 17ാം അഖിലേന്ത്യ സമ്മേളനം.
 


പ്രധാന വാർത്തകൾ
 Top