15 September Sunday

ഹൃദയം പിളർന്ന്‌ പുത്തുമല

വി ജെ വർഗീസ്‌Updated: Sunday Aug 11, 2019

ഉരുൾപൊട്ടിയ വയനാട്‌ േമപ്പാടി പുതുമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നു ഫോട്ടോ: മിഥുൻ അനില മിത്രൻ

മേപ്പാടി
തേയിലക്കൊളുന്തുകൾക്കൊപ്പം സ്വപ്‌നം കിളിർത്തവരായിരുന്നു പുത്തുമലക്കാർ. അതിസുന്ദരമായ ഭൂപ്രദേശം. തൊട്ടടുത്ത സ്ഥലത്തിനവർ കശ്‌മീരെന്ന്‌ പേരിട്ടു. മേപ്പാടി പഞ്ചായത്തിലെ തോട്ടം മേഖലയായ പുത്തുമലയിന്ന്‌ കുത്തിയൊഴുകുന്നൊരു നദിയാണ്‌.  ഉരുൾപ്പൊട്ടി ഈ ഗ്രാമമൊന്നാകെ ഒലിച്ചുപോയി. ഗ്രാമത്തിന്റെ നെഞ്ചുകീറി ഇപ്പോൾ നദിയൊഴുകുകയാണ്‌.

എവിടെയും ഭീമാകാരമായ പാറകളും ഒലിച്ചെത്തിയ കൂറ്റൻ മരങ്ങളും തകർന്ന വീടുകളുടെ അവശിഷ്‌ടങ്ങളുമാണ്‌.  75–-100 മീറ്ററോളം വീതിയിൽ രണ്ട്‌ കിലോമീറ്ററോളം ദൂരം ഉരുളെടുത്തു. നാട്ടുകാരുടെ കണക്കുപ്രകാരം 52 വീടുകൾ ഒലിച്ചുപോയി. തോട്ടം തൊഴിലാളികളുടെ പാടിയും കാന്റീനും കാണാനില്ല. ഒപ്പം പള്ളിയും അമ്പലവും. അങ്ങ്‌ മുകളിൽ പച്ചക്കാട്‌ ഭാഗത്ത്‌ മണ്ണടിഞ്ഞ്‌ ഏത്‌ നിമിഷവും നിലംപൊത്താവുന്ന വീടുകൾ കാണാം. മണ്ണിൽ പൂണ്ട വാഹനങ്ങളും. പോസ്‌റ്റ്‌ ഓഫീസ്‌ ഉണ്ടായിരുന്നയിടം പാറകളുടെ കൂമ്പാരമാണ്‌. 

ഹെക്ടർ കണക്കിന്‌ കൃഷിയിടങ്ങളും തേയിലത്തോട്ടവും നശിച്ചു. ഒമ്പത്‌ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്‌. പുത്തുമലവഴിയാണ്‌  വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിപ്പാറയിലേക്ക്‌ പോകുന്നത്‌. സഞ്ചാരികൾ പുത്തുമലയുടെ സൗന്ദര്യവും ആസ്വദിച്ചിരുന്നു. ഈ റോഡ്‌ രണ്ടായി മുറിച്ചാണ്‌  മലവെള്ളം ഒഴുകുന്നത്‌.  പാലവും ഒലിച്ചുപോയി. പുത്തുമല, പച്ചക്കാട്‌ പ്രദേശങ്ങളായി  ആയിരത്തി അഞ്ഞൂറോളം പേർ താമസിച്ചിരുന്നു.  ആരോഗ്യകേന്ദ്രമായ ഡിസ്‌പെൻസറിയും സ്‌കൂളും ക്ലബ്ബും മൈതാനവും ഉൾപ്പെടെ ഇവർക്കത്യാവശ്യമായതെല്ലാം ഇവിടെ ഉണ്ടായിരുന്നു. തൊഴിലെടുത്ത്‌ സംതൃപ്‌തമായി കഴിഞ്ഞിരുന്ന ഒരുജനതയുടെ എല്ലാ സമ്പാദ്യവും ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി. എന്നാൽ ഭൂരിഭാഗത്തിനും ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസമുണ്ട്‌. ഉരുൾപ്പൊട്ടുന്നതിന്റെ മണിക്കൂറുകൾക്ക്‌ മുമ്പ്‌ മുന്നൂറോളംപേരെ ഇവിടെനിന്നും ഒഴിപ്പിച്ചു. അതിനാലാണ്‌ വൻദുരന്തം ഒഴിഞ്ഞത്‌. എങ്കിലും കുറച്ചൂപേർ തങ്ങളൂടെ ഇടയിൽനിന്നും പോയതിന്റെ   സങ്കടക്കടൽ മലവെള്ളപ്പാച്ചിലിനും മുകളിൽ ഒഴുകുകയാണിവിടെ.
 


പ്രധാന വാർത്തകൾ
 Top