30 March Thursday

സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2017

തിരുവനന്തപുരം > കേരളത്തിലെ മത്സ്യസമ്പത്തും ആവാസവ്യവസ്ഥയും ജീവിതോപാധിയും സംരക്ഷിക്കാനുള്ള കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ(ഭേദഗതി) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 1980ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണആക്ട് ഭേദഗതി ചെയ്യുന്ന ബില്‍ ഫിഷറീസ്മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയാണ് അവതരിപ്പിച്ചത്. വിദഗ്ധസമിതിയുടെ പഠനത്തിന് ശേഷമാണ് ബില്‍ തയ്യാറാക്കിയത്. 

ബോട്ട് നിര്‍മാണയാര്‍ഡുകള്‍ക്കും വല നിര്‍മാണയാര്‍ഡുകള്‍ക്കും രജിസ്ട്രേഷന്‍, ഫിഷറീസ് മാനേജ്മെന്റ് കൌണ്‍സില്‍ രൂപീകരണം എന്നിവയടങ്ങിയതാണ് ഭേദഗതി. അഞ്ചുവര്‍ഷംതോറും നിര്‍മാണയൂണിറ്റുകളും യാര്‍ഡുകളും രജിസ്ട്രേഷന്‍ പുതുക്കണം. വ്യവസായവകുപ്പിന് കീഴില്‍ നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള എല്ലാ മത്സ്യബന്ധന വലനിര്‍മാണ യൂണിറ്റുകളും മൂന്നു മാസത്തിനുള്ളില്‍ മത്സ്യബന്ധനവകുപ്പില്‍നിന്ന് എന്‍ഒസി വാങ്ങണം. മത്സ്യബന്ധന സാമഗ്രികളുടെ ഗുണമേന്മയും വലക്കണ്ണികളുടെ അളവ് സംബന്ധിച്ച നിയന്ത്രണങ്ങളും പാലിക്കേണ്ടതാണ്.

സമുദ്രമത്സ്യബന്ധനത്തിന്റെ മേല്‍നോട്ടത്തിനുവേണ്ടി ത്രിതല ഫിഷറീസ് മാനേജ്മെന്റ് കൌണ്‍സിലുകള്‍ രൂപീകരിക്കാനും ബില്‍ വ്യവസ്ഥചെയ്യുന്നു. വില്ലേജ് മാനേജ്മെന്റ് കൌണ്‍സിലിന്റെ അധ്യക്ഷന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷന്‍ അല്ലെങ്കില്‍ കോര്‍പറേഷന്‍ കൌണ്‍സിലര്‍ ആയിരിക്കും. മത്സ്യഭവന്റെ മേധാവിയായിരിക്കും മെമ്പര്‍ സെക്രട്ടറി. നാല് അംഗങ്ങളുണ്ടാകും. കലക്ടര്‍ അധ്യക്ഷനായി ആറ് അംഗങ്ങളടങ്ങുന്ന ജില്ലാതല ഫിഷറീസ് മാനേജ്മെന്റ് കൌണ്‍സിലും രൂപീകരിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന കൌണ്‍സിലില്‍ ഫിഷറീസ് ഡയറക്ടറായിരിക്കും ചെയര്‍മാന്‍. അതത് തലത്തിലുള്ള പ്ളാന്‍ തയ്യാറാക്കുകയാണ് ചുമതല. വ്യവസ്ഥ ലംഘിച്ചാല്‍ യാനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കും.

മത്സ്യസമ്പത്തിന് ഗുരുതരമായ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് 1980ലെ ബില്‍ ഭേദഗതിചെയ്യുന്നത്. എന്‍ എ നെല്ലിക്കുന്ന്, ഹൈബി ഈഡന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top