18 June Friday
സ്വപ്നയുടെ അഭിഭാഷകൻ സംഘപരിവാർ സംഘടനാ നേതാവ്‌‌

യുഡിഎഫിനും ബിജെപിക്കും തിടുക്കം കുറ്റവാളികളെ രക്ഷിക്കാൻ: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


സ്വന്തം ലേഖകൻ
സ്വർണക്കടത്ത്‌ കേസ്‌ എൻഐഎ ഏറ്റെടുത്തിരിക്കെ കോവിഡ്‌ കാലത്തുപോലും കലാപം സൃഷ്ടിച്ച്‌  യുഡിഎഫും ബിജെപിയും തിരക്കുകൂട്ടുന്നത്‌ യഥാർഥ കുറ്റവാളികളെ രക്ഷിക്കാനാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച്‌ നാടിനെയും നാട്ടുകാരെയും കുരുതികൊടുത്ത്‌ ഹീനമായ രാഷ്ട്രീയ ലക്ഷ്യം  നേടാൻ ശ്രമിക്കുന്ന ഈ കൂട്ടുകെട്ടിനെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസിയെ കേസ്‌ ഏൽപ്പിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം  ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയാണ് അടിവരയിടുന്നത്. സ്വർണക്കടത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. മുമ്പ്‌ നടന്ന കള്ളക്കടത്ത് കേസുകളുടെ ഗതി ഇതിനുണ്ടാകരുത്.  മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുകൂടി ഇതിലൂടെ കടക്കാനാകണം.

സ്വർണക്കടത്ത് പുറത്തുവന്നയുടൻ പലർക്കുമെതിരെ തെളിവുണ്ടെന്ന് അവകാശപ്പെട്ടവർ അത്‌ അന്വേഷകർക്ക് കൈമാറണം. യുഎപിഎയിലെ 43 എഫ് വകുപ്പ്‌ അതിന് അവസരം നൽകുന്നു. കസ്റ്റംസ് അന്വേഷിക്കുമ്പോഴും സമാന അവസരം ഉണ്ടായിരുന്നു. അന്ന് അവർ  ചെയ്തില്ല. ഇനിയെങ്കിലും അതിന് തയ്യാറാകണം.  സ്വർണക്കടത്ത് കേസ് ഉണ്ടായതുമുതൽ വിവാദം വിതച്ച് രാഷ്ട്രീയനേട്ടത്തിന്‌ ശ്രമിച്ചവർക്ക് മറയ്ക്കാൻ പലതുമുണ്ടെന്ന്‌‌ വ്യക്തമായി‌. കുറ്റവാളികളുടെ കൂട്ടുകാർ തന്നെയാണ്  സ്വർണക്കടത്തിനെച്ചൊല്ലി  കലാപശ്രമത്തിൽ  ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണ്.

ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും  കരുത്ത് ജനവിശ്വാസമാണ്. വിവാദങ്ങളെ തള്ളിക്കളഞ്ഞ് ജനപിന്തുണയോടെ പാർടിയും മുന്നണിയും സർക്കാരും മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

മുരളീധരൻ സംശയത്തിന്റെ നിഴലിൽ
സ്വർണം കടത്തിയത് നയതന്ത്ര ബാഗിലാണ് എന്ന്‌ എൻഐഎ വ്യക്തമാക്കിയതോടെ വിദേശ സഹമന്ത്രി മുരളീധരൻ സംശയത്തിന്റെ നിഴലിലാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മന്ത്രിക്കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണം.

സ്വർണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാൻ ഇടപെട്ടത് സംഘപരിവാർ പ്രവർത്തകനായ ഒരു ക്ലിയറിങ്‌ ഏജന്റാണ് എന്നത് നിസ്സാരമല്ല. ബാഗ് തടഞ്ഞുവച്ചാൽ പണിപോകുമെന്ന് ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ലെന്ന്‌ കണ്ടപ്പോൾ ബാഗ് തിരിച്ചയക്കാനും സമ്മർദ്ദം ചെലുത്തി.ഇതിനുപിന്നാലെയാണ് സ്വർണം കൊണ്ടുവന്നത് നയതന്ത്ര ബാഗിൽ അല്ലെന്ന വി മുരളീധരന്റെ പ്രസ്താവന വന്നത്.

പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസിൽ പ്രതിയുടെ സംരക്ഷണത്തിന് സംഘപരിവാർ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങിയത് ശ്രദ്ധേയമാണ്. ഇവയെ വെള്ളപൂശാനാണോ മുരളീധരന്റെ ശ്രമമെന്നും കോടിയേരി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top