14 August Friday

വീണ്ടും പ്രാണന്റെ ചിറകടി ; പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ രോഗമുക്തി

സ്വന്തം ലേഖകൻUpdated: Sunday Jul 12, 2020



ജീവിതത്തെ വീണ്ടും പുണർന്ന സന്തോഷത്തിൽ അജിത്ത്കുമാർ‌ പുഞ്ചിരിച്ചു. ആംബുലൻസിലിരുന്ന്‌ കൈവീശി–- മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ പ്ലാസ്‌മ തെറാപ്പിയിലൂടെ കോവിഡ്‌ മുക്തനായി വീട്ടിലേക്ക്‌. പ്ലാസ്‌മ നൽകിയ ഷാഹുൽഹമീദും അബ്‌ദുൾലത്തീഫും യാത്രയാക്കാനെത്തി.

രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു നിലമ്പൂർ ചോക്കാട് സ്വദേശിയായ അജിത്ത്‌കുമാർ(56). കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്‌പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവ ആരോഗ്യനില വഷളാക്കി. രക്തത്തിലേക്ക് വൈറസ് കയറിയതും ഗുരുതരാവസ്ഥയിലാക്കി. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം രണ്ടുതവണ പ്ലാസ്‌മ തെറാപ്പി നടത്തി. ഇതോടെ ആരോഗ്യം വീണ്ടെടുക്കാനായി. ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ജൂൺ 12നാണ് നാട്ടിലെത്തിയത്. 22ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അജിത്ത്‌കുമാറിന്‌ പ്ലാസ്‌മ നൽകാനായ സന്തോഷത്തിലാണ് ഷാഹുൽഹമീദും അബ്‌ദുൾലത്തീഫും. അബുദാബിയിൽനിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിയായ ഷാഹുൽഹമീദി(34)ന് മെയ് 10നാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 28ന് ഭേദമായി വീട്ടിലേക്ക് മടങ്ങി. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയായ അബ്ദുൽലത്തീഫ് (45) മുംബൈയിൽനിന്നാണ് നാട്ടിലെത്തിയത്. ഏപ്രിൽ 21ന് കോവിഡ് സ്ഥിരീകരിച്ച് ജൂൺ 15ന് രോഗമുക്തനായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top