14 August Friday

എൻഐഎ കേസെടുത്തു ; 4 പ്രതികൾ; യുഎപിഎ ചുമത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


കൊച്ചി
സ്വർണകള്ളക്കടത്ത്‌ കേസന്വേഷണം  ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി കൊച്ചി യൂണിറ്റ്‌  നാലുപേരെ പ്രതിചേർത്ത്‌  പ്രഥമവിവര റിപ്പോർട്ട്‌ (എഫ്‌ഐആർ) സമർപ്പിച്ചു. കസ്‌റ്റംസ്‌ അറസ്‌റ്റുചെയ്‌ത യുഎഇ കോൺസുലേറ്റ്‌ മുൻ പിആർഒ  സരിത്തിനെ ഒന്നാം പ്രതിയാക്കിയാണ്‌‌ വെള്ളിയാഴ്‌ച കൊച്ചിയിലെ എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്‌. ഒളിവിലുള്ള സ്വപ്‌ന സുരേഷ്‌,  ഷാർജയിൽനിന്ന്‌ കോൺസുലേറ്റിലേക്ക്‌ സ്വർണം അയച്ച ഫസൽ ഫരീദ്‌, മുഖ്യകണ്ണി സന്ദീപ്‌നായർ എന്നിവരാണ്‌ രണ്ടു മുതൽ നാലുവരെയുള്ള പ്രതികൾ. കസ്‌റ്റംസ്‌ അന്വേഷിക്കുന്ന കേസ് റീ രജിസ്‌റ്റർ ചെയ്‌താണ്‌‌  സീനിയർ പബ്ലിക്‌ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ എഫ്‌ഐആർ  ഫയൽ ചെയ്‌തത്‌.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) 16, 17, 18 വകുപ്പുകളാണ്‌ ഇവർക്കെതിരെ ചുമത്തിയത്‌. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ പിന്നീട്‌ ചുമത്തുമെന്നും എൻഐഎ വ്യക്തമാക്കി.

രാജ്യസുരക്ഷയ്ക്ക്‌ ഭീഷണി ഉയർത്തുന്ന അന്താരാഷ്‌ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങൾക്കും ഗൂഢാലോചനയ്ക്കുമുള്ള വകുപ്പുകളാണ്‌  ചുമത്തിയിട്ടുള്ളത്‌. സ്വർണക്കടത്തിനു പിന്നിലെ അന്താരാഷ്‌ട്രബന്ധം, ഭീകരപ്രവർത്തനങ്ങൾക്ക്‌ സാമ്പത്തിക സഹായം‌, ഗൂഢാലോചന എന്നിവ അന്വേഷിക്കും. അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറാണ്‌  എൻഐഎക്കുവേണ്ടി ഹാജരാകുക. നേരത്തെ മറ്റൊരു അഭിഭാഷകന്റെ പേര്‌ പരിഗണിച്ചു. ഇദ്ദേഹം എൻഐഎ കേസുകളിൽ നിരന്തരം ഹാജരായിരുന്നു. എന്നാൽ, സർക്കാർ അഭിഭാഷകനല്ലാത്തതിനാൽ മറ്റു കേസുകളും എടുത്തിരുന്നു. സ്വർണക്കടത്ത്‌ കേസുകളിൽ പ്രതികൾക്കുവേണ്ടി കസ്‌റ്റംസിനെതിരെ വാദിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ഇദ്ദേഹത്തെ എൻഐഎയുടെ അഭിഭാഷകനാക്കുന്നതിൽ കസ്‌റ്റംസ്‌ എതിർപ്പ്‌ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top