11 December Wednesday

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ നൽകുന്നത‌് നിയന്ത്രിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019


കൊച്ചി
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക‌് മോഡറേഷൻ നൽകുന്നത‌് കർശനമായി നിയന്ത്രിക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട‌് ഹൈക്കോടതി നിർദേശിച്ചു.  ചോദ്യക്കടലാസിൽ അവ്യക്തത പോലുള്ള ഘട്ടങ്ങളിൽ മാത്രമേ ജയിക്കാൻവേണ്ട മാർക്ക് മോഡറേഷനായി നൽകാവൂ. 2017 ഏപ്രിൽ 24ന‌ാണ‌് മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെയും ബോർഡ് ചെയർമാൻമാരുടെയും യോ​ഗം ചേർന്ന‌് സെക്കൻ‍ഡറി, സീനിയർ സെക്കൻഡറിതല ബോർഡ് പരീക്ഷകളിൽ അധിക മാർക്ക് ഒഴിവാക്കാൻ തീരുമാനിച്ചത‌്.

കേരള ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് തുടർ മൂല്യനിർണയം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ പേരിൽ 40 ശതമാനം വരെ അധികമാർക്ക് നൽകുന്നുണ്ടെന്നും ഇത് വിവേചനമാണെന്നും ആരോപിച്ച് പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ് ജേക്കബ്, ചെങ്ങന്നൂർ സ്വദേശിനി ആർ നന്ദന എന്നിവർ നൽകിയ ഹർജികളിലാണ് വിധി. ഇക്കാര്യത്തിൽ സർക്കാരിന്റെ നയതീരുമാനം വേണം.

ഇതുസംബന്ധിച്ച എസ‌്സിആർടി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും കുറച്ചുകൂടി സമയം വേണമെന്നും  പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നു.

കോടതിവിധി പഠിച്ചശേഷം സർക്കാർ അനന്തര നടപടി സ്വീകരിക്കുമെന്ന‌് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് പറഞ്ഞു.

2017ലെ കേന്ദ്ര തീരുമാനം
എല്ലാ സ്റ്റേറ്റ് ബോർഡിലും പൊതുവായി മാർക്ക് കൂട്ടിനൽകുന്നത് നിർത്തണം. കേരള ബോർഡ് അത് അടുത്തവർഷംമുതൽ നടപ്പാക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. പഠനമികവ‌് കുറഞ്ഞ വിഭാഗത്തിലെ കുട്ടികളുടെ വിജയശതമാനം കൂട്ടാൻ മോഡറേഷൻ തുടരും. മാനദണ്ഡങ്ങളും മാർക്കും ഹയർ സെക്കൻഡറി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു കാട്ടുന്നവരുടെ ഗ്രേഡ് പ്രത്യേകമായി മാർക്ക് സൂചിപ്പിക്കും.


പ്രധാന വാർത്തകൾ
 Top