09 August Tuesday

അദാനിയുടെ പലിശക്കൊള്ളയ്ക്ക്‌ കേന്ദ്രം 
വഴിയൊരുക്കുന്നു: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022


തൃശൂർ
എസ്‌ബിഐയുടെ കാർഷിക വായ്‌പ വിതരണത്തിന്‌ അദാനിയുമായി കരാറുണ്ടാക്കുക വഴി പഴയ ബ്ലേഡ്‌ പലിശയുടെ തിരിച്ചുവരവിന്‌  കേന്ദ്രസർക്കാർ വഴിയൊരുക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  ഡോ. ടി എം തോമസ് ഐസക്‌.   കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ സ്വയംസഹായ സംഘങ്ങൾക്ക്‌ 24 ശതമാനം പലിശയ്‌ക്കാണ്‌ സ്വകാര്യബാങ്കുകൾ വായ്‌പ നൽകുന്നത്‌.  പൊതുമേഖലാ ബാങ്കുകളിൽ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനി ഔട്ട്‌ ലെറ്റ്‌ ഒരുക്കി എൽഐസി ഉൾപ്പെടെ പൊതുമേഖലാ ഇൻഷുറൻസ്‌ കമ്പനികളെയും  തകർക്കുകയാണ്‌. ബാങ്ക്‌, ഇൻഷുറൻസ്‌   സ്വകാര്യവൽക്കരണത്തിനെതിരെ വ്യാപക ചെറുത്തുനിൽപ്പുയർന്നപ്പോൾ   കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്രം വളഞ്ഞവഴികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർവീസിൽനിന്നും വിരമിച്ച ബിഇഎഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി  നരേന്ദ്രന്‌   സ്നേഹാദരം പരിപാടിയിൽ   ‘നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ മൂന്ന് പതിറ്റാണ്ട്: ഇന്ത്യയുടെ ഭാവി ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ബാങ്ക്‌ സ്വകാര്യവൽക്കരണത്തിന്‌  നരസിംഹം കമ്മിറ്റിയും എൽഐസി സ്വകാര്യവൽക്കരണത്തിന്‌ മൽഹോത്ര കമ്മിറ്റിയും റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും ഈ മേഖലയിലെ ചെറുത്തുനിൽപ്പുമൂലം പൂർണതോതിൽ നടപ്പാക്കാനായില്ല. അപ്പോൾ  കോർപറേറ്റ്‌ അനൂകൂലമായി ബാങ്ക്‌ നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്‌. വായ്‌പാ മുൻഗണനാക്രമത്തിൽ വെള്ളംചേർത്ത്‌ സാധാരണക്കാരനുള്ള വായ്‌പ അദാനിക്കും അംബാനിക്കും നൽകുന്നു. അവർ വഴി വായ്‌പ കർഷകർക്ക്‌ ലഭ്യമാക്കുകയാണ്‌. അവർ നിർദേശിക്കുന്ന കമ്പനിയുടെ ട്രാക്ടർ വാങ്ങണം,   ഉൽപ്പന്നങ്ങൾ അവർക്ക്‌ നൽകണം തുടങ്ങി നിബന്ധനകൾ  വയ്‌ക്കുന്നു.

കോർപറേറ്റുകളുടെ ബാങ്ക്‌ വായ്‌പകൾ  കിട്ടാക്കടമായി എഴുതിത്തള്ളുന്നു. ഈ നഷ്ടം  നികത്താൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ  കോർപറേറ്റുകൾക്കുതന്നെ  വിൽക്കുകയാണ്‌.  ഇതിനെതിരെ ബോധവൽക്കരണമായി  ജനകീയ സദസ്സുകൾ സംഘടിപ്പിക്കണം. വർഗീയ തിമിരം ബാധിച്ച്‌ പലരും യാഥാർഥ്യങ്ങൾ കാണുന്നില്ല. ഈ സന്ദർഭത്തിൽ നവലിബറൽ സമരങ്ങൾക്കൊപ്പം വർഗീയതയ്‌ക്കെതിരായ സമരവും ഒന്നിച്ചുപോവണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top