18 June Tuesday

ലൈറ്റ്ബോയ തകർന്ന് കടപ്പുറത്ത് അടിഞ്ഞു; കപ്പലുകൾക്കും ബോട്ടുകൾക്കും ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019



മട്ടാഞ്ചേരി
കൊച്ചി തുറമുഖത്തേക്ക് വരുന്ന കപ്പലുകൾക്ക് വഴികാട്ടിയായിരുന്ന ലൈറ്റ്ബോയ തകർന്ന് ഫോർട്ടുകൊച്ചി കടപ്പുറത്ത് അടിഞ്ഞു. തിങ്കളാഴ‌്ച രാത്രിയിൽ അടിഞ്ഞ ബോയ ചൊവ്വാഴ്ചയും തുറമുഖ ട്രസ്റ്റ് അധികൃതർ നീക്കം ചെയ്തില്ല. ഇത് വീണ്ടും കടലിലേക്ക് ഒഴുകിയാൽ ബോട്ടുകൾക്കും, കപ്പലുകൾക്കും ഭീഷണിയാകും.

തുറമുഖ ട്രസ‌്റ്റാണ‌് കടലിൽ ബോയകൾ സ്ഥാപിച്ചത‌്. രാത്രി കപ്പൽചാൽ അറിയുന്നതിന് ഇതിൽ വൈദ്യുതി വിളക്കുകളുണ്ട‌്. താഴെയുള്ള കോൺക്രീറ്റിൽ ഉറപ്പിച്ച ചങ്ങല ബോയയുടെ അടിഭാഗത്ത‌് ഘടിപ്പിച്ചിട്ടുണ്ട‌്. ഇങ്ങനെയാണ‌് ബോയ ഒഴുകിപ്പോകാതെ കടലിൽ സ്ഥിരമായി നിൽക്കുന്നത‌്. ഇതിൽ ഒരെണ്ണമാണ‌് ശക്തമായ തിരയടിയിൽ ചങ്ങല പൊട്ടി തീരത്തടുത്തത്. ഇതിൽ കൂർത്ത കമ്പികളുമുണ്ട‌്. വീണ്ടും കടലിലേക്ക് ഒഴുകിയാൽ ബോയയിലെ കൂർത്ത കമ്പികൾ കപ്പൽ ഉൾപ്പെടെയുള്ള ജലയാനങ്ങളിൽ തറച്ച‌് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചൊവ്വാഴ്ച രാവിലെതന്നെ തുറമുഖ ട്രസ്റ്റ് അധികൃതരെ ബോയ കടൽ തീരത്ത് അടിഞ്ഞതായി അറിയിച്ചെന്ന് പൊലീസും തീരദേശ പൊലീസും പറഞ്ഞു. കൊച്ചി തീരത്ത് നൂറുകണക്കിന് യാത്രാബോട്ടുകളും മീൻപിടിത്ത ബോട്ടുകളും സഞ്ചരിക്കുന്നതിനാൽ ഒഴുകിയെത്തിയ ബോയ തീരത്തുനിന്ന് അടിയന്തരമായി നീക്കണമെന്ന ആവശ്യം ഉയർന്നു.


പ്രധാന വാർത്തകൾ
 Top