21 September Saturday

സുപ്രീംകോടതി നിർദേശം : മരടിലെ ഫ്ലാറ്റ‌് സമുച്ചയം; 6 ആഴ്ച തൽസ്ഥിതി തുടരാം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

ന്യൂഡൽഹി
തീരദേശ പരിപാലനനിയമം ലംഘിച്ച‌് നിർമിച്ചതെന്ന‌് കണ്ടെത്തിയ എറണാകുളം മരടിലെ ഫ്ലാറ്റ‌്സമുച്ചയങ്ങളുടെ വിഷയത്തിൽ ആറാഴ‌്ചത്തേക്ക‌് തൽസ്ഥിതി തുടരാൻ സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ നിർദേശം. അപ്പാർട്ട‌്മെന്റുകൾ പൊളിക്കാൻ നിലവിൽ നടപടി വേണ്ടെന്നാണ‌് ബെഞ്ച‌് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത‌്.
നിയമം ലംഘിച്ച‌് നിർമിച്ചതെന്ന‌് കണ്ടെത്തിയതിനെ തുടർന്ന‌് മരടിലെ അഞ്ച‌് ഫ്ലാറ്റ‌്സമുച്ചയങ്ങൾ പൊളിക്കാൻ സുപ്രീംകോടതി രണ്ടംഗ ബെഞ്ച‌് മെയ‌് എട്ടിന‌് ഉത്തരവിട്ടിരുന്നു. ഒരുമാസത്തിനുള്ളിൽ പൊളിച്ച‌് റിപ്പോർട്ട‌്  സമർപ്പിക്കാനായിരുന്നു ജസ‌്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ‌്.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ‌് ഉത്തരവെന്ന‌് ചൂണ്ടിക്കാട്ടി ആൽഫാസെറിൻ അപ്പാർട്ട‌്മെന്റിലെ 32 താമസക്കാരാണ‌് കോടതിയെ സമീപിച്ചത‌്. ഈ ഹർജികൾ പരിഗണിച്ചാണ‌് ജസ‌്റ്റിസുമാരായ ഇന്ദിരാ ബാനർജി, അജയ‌് രസ‌്തോഗി എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ച‌് തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവ‌് പുറപ്പെടുവിച്ചത‌്.
നേരത്തെ കേസ‌് പരിഗണിച്ചിരുന്ന ജസ‌്റ്റിസുമാരായ അരുൺ മിശ്ര, വിനീത‌് ശരൺ എന്നിവർ അംഗങ്ങളായ ബെഞ്ച‌് മുമ്പാകെ ഹർജി ലിസ‌്റ്റ‌് ചെയ്യാനും അവധിക്കാല ബെഞ്ച‌് നിർദേശിച്ചു. ഫ‌്ളാറ്റ‌് സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന മേഖല സിആർസെഡ‌്–-3ൽ ആണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ‌് സുപ്രീംകോടതി അവ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടതെന്ന‌് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

2011 ലെ സിആർസെഡ‌് വിജ്ഞാപനമനുസരിച്ച‌് ഫ‌്ളാറ്റ‌്സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്നത‌് സിആർസെഡ‌്–-2 മേഖലയിലാണ‌്. ഈ സാഹചര്യത്തിൽ മരടിലെ നിർമാണങ്ങൾ നിയമാനുസൃതമാണെന്നും ഹർജിക്കാർ അവകാശപ്പെട്ടു. തീരദേശനിയമങ്ങൾ ലംഘിച്ചുള്ള അനധികൃത നിർമാണങ്ങൾ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരം നിർമാണങ്ങൾ കാരണമുണ്ടാകുന്ന പ്രളയസാഹചര്യം താങ്ങാൻ കേരളത്തിന‌് ഇനിയും കഴിയില്ലെന്ന‌ുമുള്ള നിരീക്ഷണത്തോടെയാണ‌് ജസ‌്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച‌് ഫ‌്ളാറ്റ‌്സമുച്ചയങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത‌്. ഉത്തരവ‌് നടപ്പാക്കാനുള്ള സമയപരിധി നീട്ടണമെന്ന‌് ആവശ്യപ്പെട്ട‌് താമസക്കാർ നേരത്തെ ജസ‌്റ്റിസ‌് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല. ഉത്തരവ‌് നടപ്പാക്കാനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ‌് അവധിക്കാല ബെഞ്ച‌് ആറാഴ‌്ചത്തേക്ക‌് തൽസ്ഥിതി തുടരാൻ നിർദേശിച്ചത‌്.


പ്രധാന വാർത്തകൾ
 Top