17 July Wednesday

നിപാ: കരാർ ജീവനക്കാർക്ക‌് തുടർജോലി ഉറപ്പാക്കും‐മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


തിരുവനന്തപുരം
കഴിഞ്ഞവർഷം നിപാ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ‌് ആശുപത്രിയിൽ സ്തുത്യർഹമായ സേവനം നടത്തിയ കരാർജീവനക്കാർക്ക് തുടർജോലി ലഭ്യമാകുന്നത‌് ഉറപ്പാക്കുമെന്ന‌് മന്ത്രി  കെ കെ ശൈലജ അറിയിച്ചു. കോടതി വിധി നിലനിൽക്കുന്നതിനാൽ സ്ഥിരം നിയമനം സാധ്യമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം കോഴിക്കോട് നിപാ ബാധയുണ്ടായപ്പോൾ പരിചരണത്തിനായി താൽക്കാലിക ജീവനക്കാരെ എടുത്തിരുന്നു. അവരുൾപ്പെടെ എല്ലാവരും അവിടെ സ്തുത്യർഹമായ സേവനമാണ് നടത്തിയത്. അതിന് എല്ലാവരെയും ആദരിക്കുകയും ചെയ്തു.  താൽക്കാലികക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്ന പൊതുവായ ആവശ്യം സർക്കാർ പരിഗണിച്ചു. എന്നാൽ, 2006ലെ ഉമാദേവി കേസ് വിധി പ്രകാരം സ്ഥിരം നിയമനം പറ്റില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. ഭരണഘടനാ ലംഘനമായതിനാൽ ഇത്തരം നിയമനങ്ങൾ ഒരു കാരണവശാലും പാടില്ലെന്നാണ‌് കോടതി ഉത്തരവിലുള്ളത‌്. കർശന സ്വഭാവത്തിലുള്ള ഈ ഉത്തരവ‌് മറികടന്നാൽ കോടതി അലക്ഷ്യമാകും. അതിനാൽ,  ആശുപത്രി വികസനസമിതിയിലും എൻഎച്ച്എമ്മിലും ഇവർക്ക‌് സ്ഥിരമായി ജോലി ഉറപ്പാക്കുന്ന നിലയിൽ കരാർ നിയമനം നൽകാനാണ് തീരുമാനിച്ചത്. ആദ്യഘട്ടമായി 29 പേരുടെ പട്ടിക മന്ത്രിസഭയുടെ പരിഗണനയിൽ വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top