23 July Tuesday

മുല്ലപ്പെരിയാറിൽ മഴ ശക്തം, പാംബ്ല, മലങ്കര ഡാമിന്റെ ഷട്ടർ ഇന്ന‌് തുറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് ഇടവിട്ട് താരതമ്യേന ശക്തമായി മഴ  പെയ‌്തത‌്.  തിങ്കളാഴ്ച രാവിലെ ആറിന് ജലനിരപ്പ് 112.10 അടിയായി വർധിച്ചു.തിങ്കളാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 15.6 മില്ലീമീറ്ററും തേക്കടിയിൽ 14.4 മില്ലിമീറ്ററും മഴ പെയ്തു.  ഞായറാഴ്ചയിത് യഥാക്രമം നാല് മില്ലീമീറ്ററും  2.2 മില്ലിമീറ്ററുമായിരുന്നു. മഴ ആരംഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജലനിരപ്പിൽ വർധനയുണ്ടാകും.

തമിഴ്നാട് നിലവിൽ സെക്കൻഡിൽ 70 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിലേക്ക് 163.17 ഘനയടി വെള്ളം സെക്കൻഡിൽ ഒഴുകിയെത്തുന്നുണ്ട്.

മലങ്കരഡാമിന്റെ ഷട്ടർ ഇന്ന‌് തുറക്കും; തീരങ്ങ‌ളിലുള്ളവർക്ക‌് ജാഗ്രതാനിർദേശം
മൂലമറ്റം
നീരൊഴുക്ക‌് വർധിച്ചതിനെ തുടർന്ന‌് മലങ്കര ഡാമിന്റെ ഷട്ടർ ചൊവ്വാഴ‌്ച രാവിലെ എട്ടിന് തുറക്കും.  ഇതിന‌് കലക്ടറുടെ അനുമതി ലഭിച്ചെന്ന് എംവിഐപി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഒരു ഷട്ടർ മാത്രം  30 സെന്റീ മീറ്റർ ഉയരത്തിൽ തുറക്കുമെന്നാണ‌് അറിയിപ്പ‌്. തിങ്ക‌ളാഴ‌്ച രാവിലെ ഷട്ടർ തുറക്കുമെന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത‌്. എന്നാൽ, കലക്ടറുടെ അനുമതി തിങ്കളാഴ‌്ചയാണ‌് ലഭിച്ചത‌്.  പരമാവധി 42 മീറ്ററാണ‌് ഡാമിന്റെ സംഭരണ ശേഷി. ഇപ്പോൾ ജലനിരപ്പ‌് 40 മീറ്ററിലെത്തി. 

മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം വർധിപ്പിച്ചതും മഴയെ തുടർന്നുള്ള ശക്തമായ നീരൊഴുക്കുമാണ‌് ജലനിരപ്പ‌് ഉയർത്തിയത‌്. മഴ കനക്കുകയും  മൂലമറ്റത്ത‌് ഉദ‌്പാദനം കൂട്ടുകയോ ചെയ‌്താൽ മാത്രമേ മറ്റു ഷട്ടറുകൾ തുറക്കുകയുള്ളൂ. തൊടുപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും
ഇടുക്കി
മഴ ശക്തമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പാംബ്ല ഡാമിന്റെ രണ്ടു ഷട്ടറുകൾ ചൊവ്വാഴ‌്ച രാവിലെ ഏഴിന‌് 30 സെ.മീ ഉയർത്തി ജലം പുറത്തുവിടുമെന്നും പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top