22 October Tuesday

കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസ‌് കമീഷണറേറ്റ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


തിരുവനന്തപുരം
കലക്ടർമാരുടെ മജിസ‌്റ്റീരിയൽ  പദവി കമീഷണർമാർക്കുകൂടി നൽകി കൊച്ചി, തിരുവനന്തപുരം സിറ്റികളിൽ പൊലീസ‌് കമീഷണറേറ്റ‌് രൂപീകരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കലക്ടർമാരുടെ അധികാരം നിലനിർത്തിയാകും കമീഷണർമാർക്ക‌ും മജിസ‌്റ്റീരിയൽ അധികാരം നൽകുക. കഴിഞ്ഞ യുഡിഎഫ‌് മന്ത്രിസഭയാണ‌് കമീഷണറേറ്റ‌് രൂപീകരിക്കാൻ തീരുമാനിച്ചത‌്.

തീവ്രവാദം, സ്വർണക്കടത്ത‌് പോലുള്ളവയ‌്ക്കെതിരെ ഒരു വിട്ടുവീഴ‌്ചയുമില്ലാത്ത നടപടിയാണ‌് കേരള പൊലീസ‌് സ്വീകരിക്കുന്നത‌്. പൊലീസ‌് അവരുടെ ശരിയായ വഴിക്കാണ‌് പോകുന്നത‌്. അങ്ങനെ പോകുമ്പോൾ പൊലീസിന്റെ വഴിതടയുന്ന പരിപാടി ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ‌്, ജയിൽ, അച്ചടി തുടങ്ങിയ വകുപ്പുകളിലെ  ധനാഭ്യർഥന ചർച്ചയ‌്ക്ക‌് നിയമസഭയിൽ  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  രാജ്യത്തെ 50 വൻ നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ‌് കമീഷണറേറ്റ‌്.  ഈ സംവിധാനം വന്നാൽ നഗര പരിധിയിൽ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും കാര്യക്ഷമമാകും.

കുറ്റകൃത്യങ്ങൾ തടയാൻ സിറ്റി പൊലീസിന്റെ അധികാരം വർധിക്കും. ജസ്റ്റിസ‌് കെ ടി തോമസ‌് കമ്മിറ്റി റിപ്പോർട്ടിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട‌്.  സ്വർണക്കടത്ത‌് വ്യാപിക്കുന്നതായി പരാതിയുണ്ട‌്. ഇവയ‌്ക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനു പിന്നിൽ ആരായാലും നിയമത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കും. തീവ്രവാദ പ്രവർത്തനം തടയാൻ ആന്റി ടെററിസ്റ്റ‌് സ‌്ക്വാഡും എല്ലാ പൊലീസ‌് സ‌്റ്റേഷനുകളിലും ഇന്റേണൽ സെക്യൂരിറ്റി സെല്ലും പ്രവർത്തിക്കുന്നു. കൗണ്ടർ ടെററിസം പരിശീലനത്തിന‌് പാണ്ടിക്കാട്ട‌്‌ കേന്ദ്രം ആരംഭിച്ചു. ഗുണ്ടകൾ, മയക്കുമരുന്ന‌് മാഫിയ എന്നിവയ‌്ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നുണ്ട‌്. ലഹരിക്കെതിരെ വലിയ ക്യാമ്പയിൻ ഉയർത്തികൊണ്ടുവരും.
കേരളം ക്രമസമാധാനരംഗത്ത‌് മികച്ച നില കൈവരിച്ചു. ജനങ്ങളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലോ വർഗീയകലാപമോ കേരളത്തിലില്ല. വലിയ ലാത്തിചാർജില്ല. എല്ലാ അർഥത്തിലും പൊലീസിന്റെ പ്രവർത്തനം നല്ല നിലയിലാണ‌്.  അതിന്റെ ഗുണം കേരളം അനുഭവിക്കുന്നു. പൊലീസിന‌് എല്ലാ സ്വാതന്ത്ര്യവും നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം സ്വന്തക്കാരിലേക്ക‌് എത്തുമ്പോൾ അന്വേഷണസംഘത്തെ മാത്രമല്ല, അന്വേഷണ കമീഷനുകളെപ്പോലും പിരിച്ചുവിട്ട പാരമ്പര്യമാണ‌് മുൻ സർക്കാരിന്റേത‌്. 
ശിക്ഷിക്കപ്പെട്ട‌് ജയിലുകളിൽ കഴിയുന്നവർക്ക‌് നിയമപ്രകാരം ലഭിക്കേണ്ട പരോൾ മാത്രമാണ‌് സർക്കാർ നൽകുന്നത‌്. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ‌്. വാഹനാപകടങ്ങൾ കുറയ‌്ക്കാൻ ശക്തമായ നടപടിയാണ‌് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top