15 May Saturday

കെഎസ്‌ആർടിസിയുടെ ചുവരുകൾക്ക്‌ ഇനി ചിത്രശോഭ

ശ്രീരാജ്‌ ഓണക്കൂർUpdated: Sunday Apr 11, 2021


കൊച്ചി
ബാക്ക്‌പാക്കണിഞ്ഞ്‌ നിൽക്കുന്ന ആധുനിക മലയാളി യുവതി വലതുവശത്ത്‌. പഴമ വിളിച്ചോതുന്ന മലയാളി പെൺകുട്ടി ഇടത്തും. 10 ദിവസത്തിനകം ഈ രണ്ടു ചിത്രങ്ങളും എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ പതിനഞ്ചടിയോളം ഉയരമുള്ള മുഷിഞ്ഞ ചുവരുകളിൽ സ്ഥാനംപിടിക്കും. സ്‌റ്റാൻഡിനുള്ളിലെ തൂണുകളിൽ മനോഹരമായ ഡിസൈനുകളും ഇനി കാണാം.

സ്‌റ്റാർട്ട്‌ ഇന്ത്യ ഫൗണ്ടേഷൻ എന്ന എൻജിഒ സംഘടനയും ഏഷ്യൻ പെയിന്റ്‌സും ചേർന്നാണ്‌ ചിത്രങ്ങൾ വരയ്‌ക്കുന്നത്‌. സ്‌റ്റാർട്ട്‌ ഇന്ത്യയുടെ ‘ഡൊണേറ്റ്‌ എ വാൾ’ പദ്ധതിപ്രകാരമാണ്‌ ചിത്രങ്ങൾ ഒരുങ്ങുക. കാസർകോടും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ചിത്രംവരച്ചുകൂട്ടിയശേഷമാണ്‌ സംഘടനയുടെ പ്രവർത്തകർ കൊച്ചിയിലെത്തുന്നത്‌. ഡൽഹിയിലും യുപിയിലും ഹൈദരാബാദിലുമെല്ലാം ഇത്തരം ചുവർചിത്രങ്ങൾ വരച്ചിരുന്നു. 2014ൽ രൂപീകരിച്ച സ്‌റ്റാർട്ട്‌ ഇന്ത്യ, ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചാണ്‌ ചിത്രരചനയ്‌ക്കുള്ള ഇടം തെരഞ്ഞെടുക്കുക.  

കാസർകോട്‌ ലോക്ക്‌ഡൗൺ സമയത്ത്‌ നിർമാണം നിലച്ച വീടിന്റെ ചുമരുകളിലായിരുന്നു ചിത്രരചന. ഹരിമുരളി എന്ന മത്സ്യത്തൊഴിലാളിയുടെ വീടിന്റെ പുറംഭാഗത്തിന്റെ നിർമാണം സംഘടന ഏറ്റെടുത്തു. അവസാനം പുറംഭിത്തിയിൽ കടലിന്റെ കഥ പറയുന്ന ചിത്രങ്ങളും സമ്മാനിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകളിൽ സുസ്ഥിര ജീവിതത്തെക്കുറിച്ചായിരുന്നു ചിത്രങ്ങൾ. കോഴിക്കോട്‌ കോക്കനട്ട്‌ ബസാറിൽ തേങ്ങയുടെ ജീവിതയാത്രയും വരച്ചു.
പ്രോജക്ട്‌ മാനേജർ ഹൈദരാബാദ്‌ സ്വദേശി അക്‌മൽ‌‌, ആർട്ടിസ്റ്റ്‌ ഡൽഹി സ്വദേശി പ്രഗേഷ്‌ പാർമർ, ‌സഹായി നാസിക്‌ സ്വദേശി അഭിജിത്‌ ആചാര്യ, തൃശൂർ സ്വദേശി സൂരജ്‌ എന്നിവരാണ്‌ ചിത്രരചനയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌. എമൾഷൻ, സ്‌പ്രേ പെയിന്റ്‌ എന്നിവ  ഉപയോഗിച്ചാണ്‌ ചിത്രരചന.

കെഎസ്‌ആർടിസി സ്‌റ്റാൻഡുകളെ കൂടുതൽ മനോഹരമാക്കി യാത്ര ആസ്വാദ്യകരമാക്കാൻ സിഎംഡി ബിജു പ്രഭാകർ നിരവധി ആശയങ്ങൾ കൊണ്ടുവന്നിരുന്നു. അതിന്റെ ഭാഗമായാണ്‌ ചിത്രങ്ങൾ വരയ്‌ക്കുന്നതെന്ന്‌ ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ താജുദ്ദീൻ സാഹിബ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top