28 May Sunday

രേഖാചിത്രങ്ങൾ, മരത്തിൽ കൊത്തിയ ചുറ്റിക അരിവാൾ നക്ഷത്രം, പി കെ വിയുടെ ഓർമപ്പുസ‌്തകം, ഓറഞ്ചുമാല

സ്വന്തം ലേഖികUpdated: Thursday Apr 11, 2019


പെരുമ്പാവൂർ
രേഖാചിത്രങ്ങൾ, മരത്തിൽ കൊത്തിയ ചുറ്റിക അരിവാൾ നക്ഷത്രം, പി കെ വിയുടെ ഓർമപ്പുസ‌്തകം, ഓറഞ്ചുമാല... രാഷ്ട്രീയ സമരചരിത്രങ്ങളേറെക്കണ്ട പെരുമ്പാവൂർ പ്രിയ സ്ഥാനാർഥിക്ക‌് പകുത്തുനൽകിയ സ‌്നേഹത്തിന‌് അതിരുകളില്ലായിരുന്നു. മൂന്നാംഘട്ട പര്യടനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിലെത്തിയ ഇടതുപക്ഷ സ്ഥാനാർഥി ഇന്നസെന്റിനെ പെരുമ്പാവൂരിന്റെ ഉൾനാടുകൾ ഇരുകൈകളും നീട്ടി സ്വകീരിച്ചു. 

വേങ്ങൂർ പഞ്ചായത്തിലെ  ക്രാരിയേലി നോർത്തിൽനിന്നായിരുന്നു പര്യടനം. നിശ‌്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാരംഭിച്ച പര്യടനം റോഡ‌്ഷോയ‌്ക്ക‌് സമാനമായി. ചുവന്ന കൊടികളേന്തി, ചുവന്ന തൊപ്പി ധരിച്ച യുവാക്കളും യുവതികളും പഞ്ചായത്ത‌് അതിർത്തി കഴിയുംവരെ ബൈക്കിലും സ‌്കൂട്ടറിലുമായി വരിവരിയായി സ്ഥാനാർഥിയെ അനുഗമിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ആദിവാസി കോളനികളിൽ വികസന പദ്ധതികൾ നടപ്പാക്കിയ ഇന്നസെന്റിന്റെ ജനസ്വീകാര്യത സ്വീകരണകേന്ദ്രങ്ങളിൽ ദൃശ്യമായി. പാണിയേലി, മേയ്ക്കപ്പാല, ചൂരത്തോട്, പുന്നയം, ഓടക്കാലി, ഏക്കുന്നം വഴി 11ന‌് വണ്ടമറ്റത്തെത്തി സമാപിച്ചു. ചൂരത്തോട‌് വേങ്ങുർ പഞ്ചായത്ത‌് ഓഫീസിനു സമീപമുള്ള ഗ്ലൗസ‌് നിർമാണ കമ്പനിയിലെ തൊഴിലാളികളായ സ‌്ത്രീകൾ യൂണിഫോമിൽ ഇറങ്ങിവന്ന‌് കൈവീശി അഭിവാദ്യം ചെയ‌്തത‌് കൗതുകമായി. പകൽ 3-.30ന് തുരങ്കത്തുനിന്ന് പര്യടനം തുടങ്ങി.  കീഴില്ലം സഹകരണബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ കിരീടമണിയിച്ചും രായമംഗലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പ്രസിഡന്റ് സൗമിനി ബാബുവിന്റെ നേതൃത്വത്തിൽ ഹാരാർപ്പണം ചെയ്തും വലിയ ചുറ്റിക അരിവാൾ നക്ഷത്രം സമ്മാനിച്ചുമാണ് സ്വീകരിച്ചത്.

മുൻമുഖ്യമന്ത്രി പി കെ വാസുദേവൻനായരുടെയും സിപിഐ എം നേതാവ‌് പി ഗോവിന്ദപ്പിള്ളയുടെയും നാടായ പുല്ലുവഴിയിൽ പുസ്തകങ്ങളോടെയായിരുന്നു സ്വീകരണം. പി കെ വിയുടെ മകളും ജില്ലാ പഞ്ചായത്തംഗവുമായ ശാരദാ മോഹൻ പി കെ വിയുടെ ഓർമപ്പുസ്തകവും ആത്മകഥയും സമ്മാനിച്ചപ്പോൾ പി ജിയുടെ പുസ്തകങ്ങൾ നൽകി കൊച്ചുമകൻ ഹേമന്ത് ചന്ദ്രശേഖരനും പുല്ലുവഴി എഴുത്തുകാരുടെ വിവിധ പുസ്തകങ്ങൾ സമ്മാനിച്ച് ഡോ. വിനീതിന്റെ നേതൃത്വത്തിൽ പി ജി ചിന്താസരണി പ്രവർത്തകരുമെത്തി. ഇന്നസെന്റിന്റെ പുസ്തകമായ ക്യാൻസർ വാർഡിലെ ചിരിയിൽനിന്നുള്ള ഭാഗം സ്‌കൂളിൽ പഠിച്ച വിദ്യാർഥികളായ നീരദ് ശത്രുഘ്‌നനും നഭസ് ശത്രുഘ്‌നനും  ഇന്നസെന്റിന്റെ രേഖാചിത്രങ്ങളാണ‌് നൽകിയത‌്. പുല്ലുവഴിയിലെ തൊഴിലാളികൾ ഓറഞ്ചുമാലയണിയിച്ചാണ‌് സ്വീകരിച്ചത‌്. എംപി ഫണ്ടിൽനിന്ന് ബസ് ലഭിച്ച പുല്ലുവഴി ഗവ. എൽപി സ്‌കൂളിലെ കുരുന്നുകൾ നന്ദി അറിയിക്കാനെത്തിയതും കൗതുകമായി. കേരള സർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡ് നേടിയ പുളിക്കൽ പി എൻ ജയൻ എന്ന കർഷകനെ പര്യടനത്തിനിടെ  ആദരിച്ചു. സിനിമയിൽ ഇന്നസെന്റിന്റെ ഭാര്യയായി അഭിനയിച്ചിട്ടുള്ള പ്രശസ്ത സ്വഭാവനടി ബിന്ദു രാമകൃഷ്ണൻ പൂക്കളുമായെത്തി.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി പി എം സലിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ സോമൻ, വി പി ശശീന്ദ്രൻ, മുൻ എംഎൽഎ സാജു പോൾ, സിപിഐ നേതാവും തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റുമായ കെ കെ അഷ്‌റഫ്, സിപിഐ നേതാക്കളായ സി വി ശശി, ശാരദാ മോഹൻ, കെ പി റെജിമോൻ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു എന്നിവർ നേതൃത്വം നൽകി.

ഇന്ന‌് കുന്നത്തുനാട്ടിൽ
കൊച്ചി
ചാലക്കുടി മണ്ഡലത്തിലെ കുന്നത്തുനാട്ടിലാണ് വ്യാഴാഴ‌്ച ഇന്നസെന്റിന്റെ പര്യടനപരിപാടി. രാവിലെ 7.30-ന് പരിയാരത്തുനിന്നാരംഭിക്കുന്ന പ്രചാരണം ചൂണ്ടി, വടയമ്പാടി, കോലഞ്ചേരി, തമ്മാനിമറ്റം, പൂതൃക്ക, മീമ്പാറ, വെങ്കിട, നടുക്കുരിശ്, പഴുക്കാമറ്റം വഴി 11ന‌് കണ്യാട്ടുനിരപ്പിൽ  സമാപിക്കും. ഉച്ചയ‌്ക്ക‌ുശേഷം 3-.30ന് വീണ്ടും വണ്ടിപ്പേട്ടയിൽ നിന്നാരംഭിച്ച‌് വെണ്ണിക്കുളം, മാമല, വരിക്കോലി, പുറ്റുമാനൂർ, പുത്തൻകുരിശ്, വടവുകോട്, കാണിനാട്, കരിമുകൾ, ചാലിക്കര, കുഴിക്കാട് വഴി രാത്രി ഏഴിന‌് സ‌്റ്റെർലിങ‌് ഗ്യാസ് ജങ‌്ഷനിൽ സമാപിക്കും.

ഇളനീർമധുരമായി രാജനെത്തി
ആലുവ
കീഴ‌്മാട‌് ബലിപ്പറമ്പിലെ ഇന്നസെന്റിന്റെ സ്വീകരണകേന്ദ്രത്തിലേക്ക‌് കൈയിൽ പൂക്കളും സ്വന്തം വീട്ടുപറമ്പിലെ തെങ്ങിൽനിന്ന‌് വെട്ടിയ കരിക്കുമായാണ‌് മനയ‌്ക്കക്കാട‌് രാജൻ തന്റെ മുച്ചക്രസൈക്കിളിൽ എത്തിയത‌്. ഇന്നസെന്റ‌് ഒരുപാട‌് സ‌്നേഹത്തോടെ രാജന‌് സമ്മാനിച്ചതാണ‌് മുച്ചക്രസൈക്കിൾ. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നുണ്ടായ അണുബാധമൂലം കാൽ മുറിച്ചുമാറ്റി. തീർത്തും ഒറ്റപ്പെട്ട നിലയിൽ വീട്ടിൽ കഴിയേണ്ടി വന്ന‌ രാജന‌് പുറംലോകത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തത‌് എംപി ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച‌് നൽകിയ മുച്ചക്രസൈക്കിളാണ‌്. ബലിപ്പറമ്പിലെ സ്വീകരണകേന്ദ്രത്തിൽ ഇന്നസെന്റ‌് എത്തുന്നതറിഞ്ഞാണ‌് രാജൻ തന്റെ സൈക്കിളിൽ അവിടെയെത്തിയത‌്. രാജൻ സമ്മാനിച്ച കരിക്ക‌് കുടിച്ചായിരുന്നു ഇന്നസെന്റിന്റെ തുടർപര്യടനം.

ഇന്നസെന്റ‌് നടത്തിയ വികസനം യുഡിഎഫ‌് പാളയത്തിൽ പരിഭ്രാന്തി
അങ്കമാലി
ചാലക്കുടി ലോക‌്സഭാ മണ്ഡലത്തിൽ ഇന്നസെന്റ‌് എംപിയുടെ നേതൃത്വത്തിൽ നടത്തിയ വികസനമുന്നേറ്റത്തിൽ യുഡിഎഫ‌് കടുത്ത പരിഭ്രാന്തിയിൽ. കഴിഞ്ഞ അഞ്ചുവർഷം ഇന്നസെന്റ് എംപി 1750 കോടി രൂപയുടെ വികസനപദ്ധതികളാണ‌് മണ്ഡലത്തിൽ നടപ്പാക്കിയത‌്. ഇത‌് ജനങ്ങൾ ഏറ്റെടുത്തതോടെ പ്രചാരണരംഗത്ത് ഇടതുപക്ഷത്തിന‌് ലഭിച്ച മേൽക്കൈ യുഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന‌്  എൽഡിഎഫ‌് എംഎൽഎമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഈ പരിഭ്രാന്തി മറികടക്കാനാണ‌് നുണപ്രചാരണങ്ങളുമായി കഴിഞ്ഞദിവസം  യുഡിഎഫ‌് നേതാക്കൾ ഇന്നസെന്റിനെ കടന്നാക്രമിച്ച‌്  വാർത്താസമ്മേളനം നടത്തിയതെന്ന‌് നേതാക്കൾ ആരോപിച്ചു. കേന്ദ്രത്തിൽ സർക്കാരും മണ്ഡലത്തിൽ യുഡിഎഫ് എംപിയും കേരളത്തിൽനിന്ന് എട്ടുകേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്ന സന്ദർഭത്തിൽപ്പോലും കൈവരിക്കാനാകാത്ത വികസനനേട്ടങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ചാലക്കുടി കൈവരിച്ചത്. ഇന്നസെന്റ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ ചാലക്കുടിയിൽ നടപ്പാക്കിയതും പുരോഗമിക്കുന്നതുമായ പദ്ധതികൾ സവിസ്തരം അക്കമിട്ട് നിരത്തിയിട്ടുണ്ട്.   ഇന്നസെന്റ് എംപിയെന്ന നിലയിൽ നടത്തിയ ശുപാർശപ്രകാരം സംസ്ഥാന ഹാർബർ എൻജിനിയറിങ് വകുപ്പ് അനുമതി നൽകി പൂർത്തിയാക്കിയ അന്നമനട പഞ്ചായത്തിലെ 1.54 കോടിരൂപയുടെ റോഡുകളുടെ നിർമാണപ്രവൃത്തികളുടെ വിശദാംശങ്ങളും നേതാക്കൾ വാർത്താസമ്മേളനത്തിൽ വിവരിച്ചു.  വാരിയംപറമ്പ്- പ്ലാക്കത്തറ റോഡ് (22 ലക്ഷം), മാമ്പ്ര-കരിക്കട്ടക്കുന്ന് റോഡ് (18.5), മലയാറ്റൂർ- കളരി-കരിപ്പായ റോഡ്- (26), കുറ്റിച്ചിറക്കടവ് റോഡ്- (36), എൽഐ കനാൽ ബണ്ട് റോഡ് (34),  മംഗലതൃക്കോവ് റോഡ് (18) എന്നിങ്ങനെയാണ‌് ഫണ്ട‌് അനുവദിച്ചത‌്. എംപിയുടെ പ്രോഗ്രസ‌്റിപ്പോർട്ടിൽ വിശദീകരിച്ച പദ്ധതികളിൽ ചിലതുമാത്രം അടർത്തിമാറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമം. 800 കോടിരൂപയുടെ പദ്ധതികൾ അംഗീകരിക്കുന്നതായി അവർ സമ്മതിച്ചത് സന്തോഷം നൽകുന്നു. സിആർഎഫ് റോഡുകൾ, പിഎംജിഎസ്‌‌വൈ പദ്ധതികൾ, 5 മാമ്മോഗ്രാം യൂണിറ്റുകളും 2 ഡയാലിസിസ്‌ യൂണിറ്റുകളും ശ്രദ്ധ ആരോഗ്യസുരക്ഷാപദ്ധതിയും ഉൾപ്പെടെ ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകൾ, കുടിവെള്ളപദ്ധതികൾ എന്നിവയെക്കുറിച്ചൊന്നും അവർ പരാമർശിക്കാത്തതിനാൽ അവകൂടി അംഗീകരിക്കുന്നതായി കണക്കാക്കുന്നു. 

കിഫ‌്ബി
കെ പി ധനപാലൻ എംപിയായിരുന്ന കാലത്ത‌് 2.5 കോടി രൂപ ചെലവഴിക്കാതെ ഉപേക്ഷിച്ചു.  അങ്കമാലി ബൈപാസ്, പെരുമ്പാവൂർ ബൈപാസ്, സീ പോർട്ട്-എയർപോർട്ട് റോഡിന്റെ തുടർവികസനം എന്നിവ യാഥാർഥ്യമാക്കാനുള്ള അവസരമുണ്ടായത‌് എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ്. 2016 ആഗസ‌്ത‌്   19ന് അദ്ദേഹം  ആവശ്യപ്പെട്ടതനുസരിച്ചാണ‌് തിരുവനന്തപുരത്ത് പൊതുമരാമത്തുമന്ത്രി യോഗം വിളിച്ചത‌്. അതിലാണ‌് അങ്കമാലി ബൈപാസ്, കാലടി പാലം എന്നിവയുടെ ഭാവിയിലേക്കുള്ള റോഡ്മാപ്പ് തയ്യാറാക്കിയതും ഇതുവരെയുള്ള കാര്യങ്ങൾ പുരോഗമിച്ചതും. സീപോർട്ട‌്- എയർപോർട്ട് റോഡിനായി 2014ലെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം നടത്തിയ ഇടപെടലുകളിലൂടെയാണ് ബജറ്റ് വിഹിതവും കിഫ്ബി അനുമതിയും ഉൾപ്പെടെ 5 വർഷത്തിനുള്ളിൽ 480 കോടി രൂപ നേടിയെടുക്കാൻ കഴിഞ്ഞത്.

ശബരിപാത
1997–- 98ൽ പ്രഖ്യാപിക്കപ്പെട്ട ശബരിപാതയുടെ ചരിത്രത്തിലെ ഏറ്റവുംകൂടിയ ബജറ്റ്‌വിഹിതമാണ് അഞ്ച‌ുവർഷത്തിനുള്ളിൽ നേടിയത്. ഇടുക്കി എംപി ജോയ്‌സ് ജോർജുമായി സഹകരിച്ച് നടത്തിയ സമരങ്ങളും ഇടപെടലുകളുമാണ് ഇതിന് കാരണമായത‌്. ശബരിപാതയുടെ നിർമാണജോലികൾ പുരോഗമിക്കുന്നത് ചാലക്കുടി ലോക്‌സഭാ മണ്ഡല അതിർത്തിയിലാണ്.  ബജറ്റ് വിഹിതത്തിന്റെ പ്രയോജനം പ്രായോഗികമായി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിനാണ് കൂടുതൽ ലഭിച്ചത്. അടച്ചുപൂട്ടിയ ലാൻഡ‌് അക്വിസിഷൻ തഹസിൽദാരുടെ ഓഫീസ് പുനരാരംഭിച്ചതും രണ്ട‌് മേൽപ്പാലങ്ങളുടെയും രണ്ട‌്  അടിപ്പാതകളുടെയും നിർമാണജോലികളിലേക്ക് കടന്നതും കാലടി സ്‌റ്റേഷന്റെ നിർമാണജോലികൾ പൂർത്തിയാക്കിയതും ഇതിന്റെ ഫലമായാണ്.

അങ്കമാലി ടെക്‌നോളജി സെന്റർ:
ചരിത്രത്തിൽ ആദ്യമായി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന് ലഭിച്ച വലിയ കേന്ദ്രപദ്ധതിയാണ് അങ്കമാലിയിലെ ടെക്‌നോളജി സെന്റർ.  30 കോടി രൂപ വിലമതിക്കുന്ന 15 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ സൗജന്യമായി നൽകി.  കെട്ടിടങ്ങളും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതിന് 88 കോടി രൂപയും മെഷിനറികൾക്ക‌് 60 കോടിരൂപയും ഉൾപ്പെടെ 150 കോടിയോളം രൂപ പദ്ധതിക്കായി ആദ്യഘട്ടത്തിൽ ചെലവഴിക്കുമെന്ന‌് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം പറഞ്ഞിട്ടുണ്ട‌്. നേരത്തെ തയ്യാറാക്കിയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പദ്ധതി രേഖയിൽനിന്ന‌് വ്യത്യസ്തമായി പുതിയ കണക്കാണ് ഇതിനായി മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. 2200 കോടി രൂപയുടെ മെഷിനറികളാണ് ആഗോള ടെൻഡറിലൂടെ മന്ത്രാലയം വാങ്ങുന്നത്. മെഷീനുകൾ, പദ്ധതി പൂർത്തിയാകുന്ന ഒരു വർഷത്തിനുള്ളിൽത്തന്നെ നൽകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇഎസ്ഐ  കൊരട്ടി ഡിസ്‌പെൻസറി
മന്ത്രിയായിരുന്ന കൊടിക്കുന്നിൽ സുരേഷും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തറക്കല്ലിട്ട പദ്ധതിയാണ് കൊരട്ടിയിലെ ഇഎസ്ഐ ആശുപത്രി. ശിലാഫലകത്തിൽ പേരുള്ള അന്നത്തെ ജനപ്രതിനിധികൾക്കാണ് ദീർഘകാലം ഇതുമുടങ്ങിപ്പോയതിന്റെ ഉത്തരവാദിത്തം. പിന്നീട് പദ്ധതിയുടെ കുരുക്കുകളഴിക്കുകയാണ് ഇന്നസെന്റ‌് ചെയ്തത്. കേന്ദ്രപൊതുമരാമത്ത് വകുപ്പിന് നിർമാണച്ചുമതല ഏൽപ്പിച്ചത് ഇഎസ്ഐ അധികൃതരുമായി എംപി നടത്തിയ ചർച്ചകളിലൂടെയാണ്. അതിരപ്പിള്ളി നേച്ചർ സർക്യൂട്ട്, കാലടി തീർഥാടക സർക്യൂട്ട്, നട്‌മെഗ് പാർക്ക് എന്നിങ്ങനെ ഇന്നസെന്റ് എംപിയുടെ നേതൃത്വത്തിൽ 99 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കിയ ബൃഹദ്പദ്ധതികൾ അന്തിമാനുമതിയുടെ തൊട്ടുമുന്നിലാണ്. ഇവ യാഥാർഥ്യമാകണമെങ്കിൽ ഇന്നസെന്റ് എംപി വീണ്ടും വിജയിക്കേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.
എൽഡിഎഫ‌് തെരഞ്ഞെടുപ്പുകമ്മിറ്റി ജനറൽ സെക്രട്ടറി  കെ ചന്ദ്രൻപിള്ള, പ്രസിഡന്റ‌് കെ കെ അഷ‌്റഫ‌്,  എംഎൽഎമാരായ ബി ഡി ദേവസി, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, ജോസ‌് തെറ്റയിൽ, സിപെിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ കെ ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top