01 April Wednesday

കേന്ദ്രം സമ്പന്നരെ സഹായിക്കുന്നു, കേരളം സാധാരണക്കാരനെയും: ഡോ. വി കെ രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


കൊച്ചി
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേന്ദ്രം സമ്പന്നരുടെ നികുതി വെട്ടിക്കുറയ്ക്കുമ്പോൾ സാധാരണക്കാരുടെ കൈകളിൽ പണമെത്തിച്ച്‌ പ്രതിസന്ധി മറികടക്കാനാണ്‌ കേരളം ശ്രമിക്കുന്നതെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ. നികുതി വെട്ടിക്കുറച്ചാൽ കോർപറേറ്റ് മേഖലയിൽ കൂടുതൽ ഉൽപ്പാദനം നടക്കുമെന്നാണ്‌ കേന്ദ്രത്തിന്റെ ന്യായം. എന്നാൽ, സാധാരണക്കാരുടെ കൈയിൽ പണം എത്തിയാൽ അവർ കമ്പോളത്തിൽ കൂടുതൽ പണം ചെലവഴിച്ച്‌ സമ്പദ്‌വ്യവസ്ഥയെ ഉണർത്തുമെന്നാണ്‌ കേരളത്തിന്റെ അനുഭവമെന്നും വി കെ രാമചന്ദ്രൻ പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘കേരളത്തിന്റെ സാമ്പത്തിക ആസൂത്രണം–- ഇന്നത്തെ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രനിർമാണത്തിനുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങൾ വഹിക്കുമ്പോൾ സാമ്പത്തിക അധികാരം കേന്ദ്രസർക്കാരിനാണ്‌.  അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളെ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാണ്. എന്നാൽ, അതിനു പണം കണ്ടെത്താൻ സംസ്ഥാനങ്ങൾക്കാകുന്നില്ല. കേന്ദ്രത്തിൽ ബജറ്റ് തീരുമാനിക്കുന്നത് വളരെ ചെറിയ സംഘമാണ്. അതിൽനിന്നു വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. പഞ്ചവത്സരപദ്ധതിയുള്ള രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top