04 April Saturday

അക്കിത്തം അച്യുതം ; ചരിത്രം ഈ അപൂർവസംഗമം ; സാക്ഷിയാകാൻ നാട്‌ മുഴുവൻ

വേണു കെ ആലത്തൂർUpdated: Tuesday Feb 11, 2020

അക്കിത്തം അച്യുതം പരിപാടിയുടെ ഉദ്ഘാടന ശേഷം എം ടി വാസുദേവൻനായർ അക്കിത്തത്തോട് സംസാരിക്കുന്നു


പാലക്കാട്‌
ഇത് സാഹിത്യ ലോകത്തെ ചരിത്ര മുഹൂർത്തം. ജ്ഞാനപീഠം നേടിയ രണ്ടു പേർ ഒരേവേദിയിൽ. അവർ പഠിച്ച കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അങ്കണത്തിലൊരുക്കിയ വേദിയിലെ    ആ അപൂർവ നിമിഷത്തിന്‌ സാക്ഷിയാകാൻ  നാട്‌ മുഴുവൻ ഒത്തുചേര്‍ന്നു.

മഹാകവി അക്കിത്തത്തിന്‌ ജന്മനാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തത്  മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം ടി വാസുദേവൻ നായർ. ഹൃദയം തൊട്ടൊരു പരിപാടിയായാണ് ഞാൻ ഇതിനെ കാണുന്നത്- എം ടി പറഞ്ഞു. കഥ പറഞ്ഞും പഠിച്ചും കഥയെ കൂടുതൽ അറിഞ്ഞും വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പ്രേരണയായത്‌ ഇവിടത്തെ അധ്യാപകരാണ്. നാടകത്തിൽ അക്കിത്തം അഭിനയിച്ചത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ രൂപപ്പെടുന്നത് അടുത്തുകാണാൻ അവസരവും  ലഭിച്ചിരുന്നു. നമ്മോടു സംസാരിക്കുമ്പോഴും അക്കിത്തത്തിൽ കവിത ഉണ്ടായിരുന്നു. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിനെത്തിയത് ജീവിതത്തിലെ മനോഹര നിമിഷമായാണ്‌ കാണുന്നത്‌-,   എം ടി പറഞ്ഞു.

എനിക്ക് പുസ്തക ലോകത്തേക്കുള്ള കവാടം തുറന്നത് അക്കിത്തമാണ്. ലോകസാഹിത്യം ഞാൻ അറിഞ്ഞതും അക്കിത്തത്തിന്റെ പുസ്തക ശേഖരത്തിൽ നിന്നാണെന്നും എം ടി ഓർത്തു.  ആദരസന്ധ്യയിൽ പി രാമൻ, പ്രഭാവർമ എന്നിവർ അക്കിത്തത്തിന്റെ കവിതകൾ ആലപിച്ചു. മനുഷ്യവേദനകൾ ഉൾക്കൊള്ളുന്ന മഹാസാഹിത്യമാണ് അക്കിത്തത്തിന്‍രെ  കവിതകളെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ടി ഡി രാമകൃഷ്ണനും കവിതകളിലെ മനുഷ്യ പക്ഷം വിശദമാക്കി. "അക്കിത്തം അച്യുതം'   ആദരസമ്മേളനം കുമരനല്ലൂരിന്‌ അപൂർവ വിരുന്നായി.


പ്രധാന വാർത്തകൾ
 Top