19 June Wednesday

മണ്ണാര്‍ക്കാട്ട് ദേശീയപാതയില്‍ വാഹനാപകടം: 2 പേര്‍ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

മണ്ണാര്‍ക്കാട് > ദേശീയപാത ചൂരിയോട് വാഹനാപകടം, രണ്ടു പേര്‍ മരിച്ചു. പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന മാരുതി ഈകോ കാറും കൂട്ടിയിടിച്ചാണ് അപകടം. തൃശൂര്‍ സ്വദേശികളായ ഒല്ലൂര്‍ കാട്ടക്കാമ്പല്‍ ആഞ്ചേരിയില്‍ വീട്ടില്‍ പോളിന്റെ മകന്‍ ജോപോള്‍(42), കുരുതുകുളങ്ങര പൂത്തോളില്‍ ആന്റണി(28) എന്നിവരാണ് മരിച്ചത്. മംഗലംഡാം സ്വദേശികളായ വിനു, ഭാര്യ രജിത, തങ്ക വയനാട്, രമ മണിക്കശ്ശേരി, മോഹനന്‍ പെരുവെമ്പ്, ബസ്സ് ഡ്രൈവര്‍ എടത്തറ രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തച്ചമ്പാറ സ്വകാര്യ ആശുപ്പത്രിയില്‍ ചികിത്സ തേടി. എല്ലാവര്‍ക്കും നിസ്സാര പരിക്കാണുള്ളത്.

അപകടത്തില്‍പ്പെട്ട ബസും കാറും. ഇന്‍സെറ്റില്‍ മരിച്ച ജോപോള്‍

അപകടത്തില്‍പ്പെട്ട ബസും കാറും. ഇന്‍സെറ്റില്‍ മരിച്ച ജോപോള്‍

തിങ്കളാഴ്ച വൈകിട്ട് 4 നാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ഏറെ സാഹസപ്പെട്ട് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടന്‍ താലൂക്കാശുപ്പത്രിയിലെത്തിച്ചു. കല്ലടിക്കോട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ജോപോളായിരുന്നു കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍എട്ട് ബിജെ/8130 നമ്പര്‍ മാരുതി ഇക്കോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.രണ്ടു പേരും തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വിതരണത്തിനുള്ള ഓയില്‍ ഉള്‍പ്പെടെ വാഹന സ്‌പെയര്‍ പാര്‍ട്‌സുകളാണ് കാറിലുണ്ടായിരുന്നത്. ഓയില്‍ വിതരണകമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ താലൂക്ക് ആസ്ഥാന സര്‍ക്കാര്‍ ആശുപ്പത്രി മോര്‍ച്ചറിയില്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top