23 January Wednesday
സംസ്ഥാന സര്‍ക്കാരിന് 1800 കോടിയുടെ നേട്ടം

വാറ്റ് കുടിശികയും പിഴയും ഈടാക്കുന്നതിനെതിരായ 3250തോളം ഹര്‍ജികള്‍ ഹൈക്കോടതി തളളി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കൊച്ചി> ജിഎസ്ടി നിലവില്‍ വന്ന ശേഷവും പഴയ വാറ്റ് കുടിശികയും പിഴയും ഈടാക്കാനുള്ള നികുതി അധികൃതരുടെ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. 3250 ഓളം ഹര്‍ജികളാണ് തള്ളിയിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് 1800 കോടി രൂപയുടെ വരുമാനമുണ്ടാക്കും.
 
കേരള മൂല്യവര്‍ധിത നികുതി (വാറ്റ്)  നിയമ പ്രകാരം 2011 -12 വര്‍ഷം മുതല്‍ ലഭിക്കേണ്ട നികുതി കുടിശികയും പിഴയും ഈടാക്കുന്നതിനെതിരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ജി നല്‍കിയിരുന്നത്. 101ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയില്‍ ജിഎസ്ടി നടപ്പാക്കാന്‍ വഴി തുറന്നത്.

സാധനങ്ങളേയും സേവനങ്ങളേയും ബാധിക്കുന്ന നിലവിലുള്ള ഏതെങ്കിലും സംസ്ഥാന നിയമം ഭരണഘടനാ ഭേദഗതിയിലൂടെയുണ്ടാക്കിയ നിയമവുമായി ഒത്തു പോകാത്തതുണ്ടെങ്കില്‍ അത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താനായി ഒരു വര്‍ഷം അനുവദിച്ചിരുന്നു. ഒരു വര്‍ഷമെന്ന സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ ഇല്ലാത്ത നിയമത്തിന്റെ പേരില്‍ നികുതി പിരിവ് അനുവദനീയമല്ലെന്നാണ് ഹരജിക്കാരായ സ്ഥാപനയുടമകളുടെ വാദം.

2017 ജൂലൈ ഒന്ന് മുതല്‍ ഭരണഘടനാപരമായി സേവന നികുതി ഇല്ലാതായി. അതിനാല്‍, സേവന നികുതിയും ലെവിയും ആവശ്യപ്പെടുന്ന ഉത്തരവുകള്‍ക്ക് സാധുതയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ജി.എസ്.ടി നിലവില്‍ വന്നു എന്നതുകൊണ്ട് വാറ്റ് നിലവിലുണ്ടായിരുന്ന കാലത്ത് നല്‍കാന്‍ ബാധ്യതയുള്ള നികുതി കുടിശികയില്‍ നിന്ന് ആരും ഒഴിവാകുന്നില്ലെന്നാണ് നികുതി അധികൃതരുടെ വാദം. സമർപ്പിച്ച ഹർജികൾ മാത്രമാണ് 1800 കോടി. റീ അസസ്മെന്റ് ഉള്ളത് 20000 കോടി വരും.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുള്ളത്. ആ തുക അടക്കാന്‍ ബാധ്യസ്ഥരുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കുടിശികയില്‍ നിന്ന് രക്ഷ നേടാന്‍ സുപ്രീം കോടതിയില്‍ നിന്നടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് വന്‍കിട സ്ഥാപനങ്ങള്‍ രംഗത്തിറക്കിയിരുന്നത്‌

സർക്കാരിന് വേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ കെ രവീന്ദ്രനാഥ്, സ്പഷ്യൽ ഗവ. പ്ലീഡർ സി ഇ ഉണ്ണികൃഷണൻ, ഗവ. പ്ലീഡർ ഡോ. തുഷാര ജെയിംസ് എനിവർ ഹാജരായി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top