23 January Wednesday

അഞ്ജലിയുടെ മനംനിറച്ച‌് വീട്ടുമുറ്റത്ത‌് കുടിനീരെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019


ഏഴിക്കര
അഞ്ജലിയുടെ വീട്ടിൽ കുടിവെള്ളമെത്താനെടുത്ത കാലമെത്ര എന്ന‌് ചോദിച്ചാൽ ഒന്നാംക്ലാസുകാരി അഞ്ചാം ക്ലാസിലെത്താൻ എടുത്ത കാലമെന്നാണ‌് ഉത്തരം.

സർക്കാരിന്റെ പ്രത്യേക താൽപ്പര്യപൂർവമുള്ള നടപടികൾക്കൊടുവിൽ വ്യാഴാഴ‌്ച വീട്ടിലെ പൈപ്പ്  തുറന്ന‌് അഞ്ജലി കൈക്കുമ്പിളിൽ പിടിച്ചത‌് നീണ്ടകാത്തിരിപ്പ‌് അവസാനിച്ചതിന്റെ സന്തോഷംപോലെ തെളിഞ്ഞ കുടിവെള്ളം. 

ഗവ. എൽപി സ‌്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയപ്പിള്ളി കുമ്പളംതുരുത്ത് അപ്പുക്കുട്ടന്റെ മകൾ അഞ്ജലി പതിവായി സ്കൂളിൽ വൈകിയാണ് എത്തിയിരുന്നത്. കാര്യം തിരക്കിയ അധ്യാപകരാണ് ഒറ്റപ്പെട്ട സ്ഥലത്തുള്ള കുട്ടിയുടെ വീട്ടിൽ ശുദ്ധജലം ഇല്ലെന്നറിഞ്ഞത്. ദിവസവും പുഴയ്ക്ക് അക്കരെയുള്ള കൈതാരത്തു വഞ്ചിക്കു പോയാണ് അച്ഛൻ കുടിവെള്ളം കൊണ്ടുവന്നിരുന്നത്. പാടവരമ്പത്തുകൂടെ നടന്നുവേണം വീട്ടിലെത്താൻ. വീട്ടിൽനിന്ന‌് പ്രധാന റോഡിലേക്ക് എത്താൻ 15 മിനിറ്റ് നടക്കണം. കൂലിപ്പണിക്കാരനായ അച്ഛൻ, അമ്മ, അച്ഛന്റെ സഹോദരി, അമ്മൂമ്മ എന്നിവരടങ്ങുന്നതാണ‌് അഞ്ജലിയുടെ കുടുംബം. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കെത്തിയ ജില്ലാ കലക്ടർ എം ജി രാജമാണിക്യത്തിന‌് അഞ്ജലിയുടെ സഹപാഠികൾ ചേർന്ന‌്  വിവരങ്ങൾ കാണിച്ച‌് നിവേദനം നൽകി.

എന്നാൽ സർക്കാർ തലത്തിൽ ഫലപ്രദമായ സഹായം ഉണ്ടായില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജില്ലാ ഭരണകേന്ദ്രം നടത്തിയ ഇടപെടലുകളാണ് അഞ്ചാം ക്ലാസിലെത്തിയപ്പോൾ അഞ്ജലിയുടെ വീട്ടിൽ കുടിവെള്ളമെത്തിച്ചത്. പട്ടികജാതി വികസന വകുപ്പ്  2,23,000 രൂപ അനുവദിച്ചാണ് അഞ്ജലിയുടെ സ്വപ്നം യാഥാർഥ്യമാക്കിയത്.

ഇത്രയും പണം ഒരു കുടുംബത്തിന‌് കുടിവെള്ളമെത്തിക്കാനായി ചെലവഴിക്കുന്നത‌് ആദ്യമാണ‌്. കുടിവെള്ള പദ്ധതിക്കായി പട്ടികജാതി വികസന ഫണ്ട് ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് അഞ്ച‌് വീടുകൾക്കെങ്കിലും പ്രയോജനപ്പെടണമെന്ന നിബന്ധന മന്ത്രി എ കെ ബാലന്റെ പ്രത്യേക താൽപ്പര്യത്തിന‌് മുന്നിൽ വഴിമാറി. അഞ്ജലി ഇപ്പോൾ ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

ഏഴിക്കര പഞ്ചായത്ത് അധികൃതരും ഗവ. എൽപി സ്കൂൾ വിദ്യാർഥികളും ചരിത്രനിമിഷത്തിനു സാക്ഷിയാകാൻ എത്തിയിരുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് അഡ്വ. യേശുദാസ് പറപ്പിള്ളി പൈപ്പ് തുറന്ന് ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ‌് പി എ ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്തംഗം എം എ രശ‌്മി, പഞ്ചായത്തംഗം ഗീത പ്രതാപൻ എന്നിവരും സംബന്ധിച്ചു.
 


പ്രധാന വാർത്തകൾ
 Top