23 January Wednesday

തീരദേശത്തെ സ്കൂളുകളും ആശുപത്രികളും നവീകരിക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019


മുളന്തുരുത്തി
തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിൽ തീരദേശത്തെ സ്കൂളുകളും ആശുപത്രികളും കോർപറേഷൻ ഏറ്റെടുത്ത് നവീകരിക്കുമെന്ന് ഫിഷറീസ‌് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശവികസന കോർപറേഷൻ നിർമാണം പൂർത്തിയാക്കിയ ആമ്പല്ലൂർ കീച്ചരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുതിയ ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

തീരദേശത്തെ 90 പിഎച്ച്സികളും 72 സ്കൂളുകളും ഏറ്റടുക്കും. ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 100 മാർക്കറ്റുകൾ നവീകരിക്കും. ശുചീകരണത്തിനും മാനേജ്മെന്റിനുമായി ജനകീയ പങ്കാളിത്തം ഉറപ്പാക്കും. വീടുകളിൽ ചെറിയ ജലാശയങ്ങളിലടക്കം മീൻതോട്ടങ്ങൾ ആരംഭിക്കും. വളർത്തുന്നതിനാവശ്യമായ പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളെയും നൽകും. ഇതുവഴി ഒരുലക്ഷം ടൺ ഉൾനാടൻ മത്സ്യം ഉൽപ്പാദിപ്പിക്കുകയാണ് ഫിഷറീസ്‌വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. ഡോ. ടി എം വിപിൻമോഹന് മന്ത്രി ഉപഹാരം നൽകി.ആശുപത്രിയുടെ വികസനത്തിന് സംഭാവനകൾചെയ്ത വ്യക്തികളെ ആദരിച്ചു. തീരദേശവികസന കോർപറേഷൻ ചീഫ് എൻജിനിയർ ബി ടി വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ആശ സനൽ, എം ജെ ജേക്കബ്, ജലജ മോഹനൻ, എ പി സുഭാഷ്, ഷാജി മാധവൻ, ഇന്ദിര ധർമരാജൻ, സുധ രാജേന്ദ്രൻ, ജയൻ കുന്നേൽ, ബീന മുകുന്ദൻ, ബിജു തോമസ്, ടി കെ മോഹനൻ, ജിഷ രമേശ്, എസ് മഹേഷ്, ഗൗതമൻ ടി സത്യപാൽ, ഡോ. ടി എം വിപിൻമോഹൻ, ഉണ്ണി എം മന, എം ബി ശാന്തകുമാർ, ഡോ. ദീപ്തി, ജയ സോമൻ, ഡോ. എൻ എസ് സീന എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top