20 February Wednesday

തിരുവനന്തപുരം വിമാനത്താവളം : ആഗോള ടെൻഡറിൽ സിയാൽ പങ്കെടുക്കില്ല

അഞ‌്ജുനാഥ‌്Updated: Friday Jan 11, 2019

കൊച്ചി
കേന്ദ്രസർക്കാർ വിൽപനയ‌്ക്കുവച്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു വേണ്ടിയുള്ള ആഗോള ടെൻഡറിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡ‌് (സിയാൽ) പങ്കെടുക്കില്ല.  തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡും (ടിയാൽ)ടെൻഡറിൽ പങ്കെടുക്കുന്നതിനാലാണിത‌്.  ഇരുസ്ഥാപനങ്ങളിലുമുള്ള ഓഹരിവിഹിതം കണക്കിലെടുത്ത‌്, സർക്കാർ പങ്കാളിത്തം വർധിച്ചതിന്റെ പേരിൽ ടെൻഡറുകൾ തള്ളാവുന്ന സാഹചര്യം ഇല്ലാതാക്കാനാണ‌് സിയാൽ ഒഴിവാകുന്നതെന്ന‌് എംഡി വി ജെ കുര്യൻ പറഞ്ഞു.

വിൽപ്പനയ‌്ക്കുവച്ച വിമാനത്താവളം ടെൻഡറിലൂടെ സ്വന്തമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ‌് സംസ്ഥാന സർക്കാർ. നേരത്തെ, വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി താൽപ്പര്യപത്ര നടപടികളിൽ പങ്കെടുക്കാൻ സിയാൽ ഡയറക്ടർ ബോർഡ‌് തീരുമാനിച്ചിരുന്നു. കൊച്ചി വിമാനത്താവളം ലാഭകരമായി നടത്തുന്നതും ഇതര പദ്ധതികൾ ഏറ്റെടുത്തു നടത്താനുള്ള സാങ്കേതിക മികവും  കാര്യക്ഷമതയും കൈമുതലായുള്ളതും കണക്കിലെടുത്തായിരുന്നു തീരുമാനം.സ്വകാര്യവൽക്കരിക്കുന്ന രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന‌് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന‌് സംസ്ഥാനം കേന്ദ്രത്തോട‌് പലവട്ടം ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളം ഏറ്റെടുത്തു നടത്താൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാൽ ആവശ്യം കേന്ദ്രം തള്ളി. സംസ്ഥാന സർക്കാരിന‌്‌ മൽസരിച്ച‌്  വിമാനത്താവളം ഏറ്റെടുക്കാമെന്നും നേരിട്ട‌് ഏൽപ്പിക്കാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top