Deshabhimani

വൈക്കത്തെ തന്തൈപെരിയാർ സ്‌മാരകം ഉദ്‌ഘാടനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 02:15 AM | 0 min read


വൈക്കം
വൈക്കത്ത്‌ തമിഴ്‌നാട്‌ സർക്കാർ നവീകരിച്ച തന്തൈപെരിയാർ സ്‌മാരകവും ഗ്രന്ഥശാലയും വ്യാഴാഴ്‌ച രാവിലെ 10ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഉദ്‌ഘാടനംചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. തമിഴ്‌നാടിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി വാർഷികാചരണ പരിപാടികളുടെ ഔദ്യോഗിക സമാപനവും ഇതോടൊപ്പം നടക്കുമെന്ന്‌ മന്ത്രി വി എൻ വാസവനും തമിഴ്‌നാട്‌ പൊതുമരാമത്ത്‌ മന്ത്രി എ വി വേലുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 8.14 കോടി രൂപ ചെലവിട്ടാണ്‌ തമിഴ്‌നാട്‌ സർക്കാർ സ്‌മാരകം നവീകരിച്ചത്‌.

സ്‌മാരകത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്‌ഘാടനത്തിനുശേഷം വൈക്കം ബീച്ച്‌ മൈതാനത്താണ്‌ ഉദ്‌ഘാടന പൊതുസമ്മേളനം. ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി വിശിഷ്‌ടാതിഥിയാകും. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട്‌ മന്ത്രിമാരായ ദുരൈമുരുകൻ, എ വി വേലു, എം പി സ്വാമിനാഥൻ, തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറി എൻ മുരുകാനന്ദം തുടങ്ങിയവർ പങ്കെടുക്കും. തമിഴ്‌നാട്ടിൽനിന്ന്‌ ആയിരക്കണക്കിനുപേർ ചടങ്ങിന്‌ സാക്ഷിയാകാനെത്തും.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടികൾ സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ നടന്നുവരികയാണെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിന്റെ സമാപനം അടുത്തവർഷം വൈക്കത്ത്‌ നടത്തും. പെരിയാറിന്റെ മാഹാത്മ്യം പുതിയ തലമുറയ്‌ക്ക്‌ മനസിലാക്കാൻ ഉതകുന്ന രീതിയിലാണ്‌ സ്‌മാരകവും ഗ്രന്ഥശാലയും സ്ഥാപിച്ചിരിക്കുന്നത്‌. സഞ്ചാര സ്വാതന്ത്ര്യത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി നടന്ന മഹത്തായ സമരമാണ്‌ വൈക്കം സത്യഗ്രഹം. പെരിയാർ ഇ വി രാമസ്വാമിയുടെ പങ്കാളിത്തം സമരത്തിന്‌ വലിയ ഊർജമേകി. തമിഴ്‌നാട്‌ മന്ത്രി എ വി വേലുവിനെ മന്ത്രി വി എൻ വാസവൻ ഷാളണിയിച്ച്‌ ആദരിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home