ശബരിമല ദർശനം ; ദിലീപിന് പൊലീസ് പ്രത്യേക പരിഗണന നൽകിയിട്ടില്ല
കൊച്ചി
നടൻ ദിലീപ് ശബരിമല സന്നിധാനത്ത് എത്തുന്നത് സംബന്ധിച്ച് പൊലീസിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നും പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും ശബരിമല സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബിജോയ് ഹൈക്കോടതിയെ അറിയിച്ചു. ദിലീപിനും സംഘത്തിനും പൊലീസ് അനർഹമായ ഒരു സഹായവും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ അറിയിച്ചു.
ഡിസംബർ അഞ്ചിന് രാത്രി ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിന് 10 മിനിറ്റുമുമ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അസി. എക്‌സിക്യൂട്ടീവ് ഓഫീസറുമൊത്ത് ദിലീപ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലാക്കിയത്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജിയും മകനും സോപാനനടയിൽ ഉണ്ടായിരുന്നു. ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവരെ രണ്ട് ദേവസ്വം ഗാർഡുമാരാണ് ആദ്യനിരയിലേക്ക് കയറിനിൽക്കാൻ അനുവദിച്ചത്. ഇവിടം നോക്കുന്നത് ദേവസ്വം ഗാർഡുമാരാണ്. സോപാനം സ്‌പെഷ്യൽ ഓഫീസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്വം. ദേവസ്വം ഗാർഡ് നടനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്കും അവിടെനിന്ന് സോപാനത്തേക്കും കൊണ്ടുപോയെന്നും റിപ്പോർട്ടിൽ അറിയിച്ചു.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ദിലീപിന്റെ ദർശനവിവാദത്തിൽ സോപാനം ഓഫീസർ സിസിടിവി ദൃശ്യങ്ങൾ സഹിതം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹർജി ദേവസ്വം ബെഞ്ച് 12ന് വീണ്ടും പരിഗണിക്കും.
0 comments