Deshabhimani

6 ആളില്ലാ വിമാനങ്ങൾക്ക് വിടചൊല്ലി നാവികസേന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 12:48 AM | 0 min read


കൊച്ചി
ഇരുപത്തിരണ്ട്‌ വർഷത്തെ സമാനതകളില്ലാത്ത പ്രവർത്തനമികവുമായി നാവികസേനയുടെ ആളില്ലാ നിരീക്ഷണ വിമാനങ്ങൾ സേനയോട് വിടപറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ സെർച്ചർ എംകെ–-2 യുഎവി നിരീക്ഷണ വിമാനങ്ങളുടെ സേവനമാണ് നാവികസേന അവസാനിപ്പിച്ചത്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത്‌ ഐഎൻഎസ് ഗരുഡയിൽ നടന്ന പരമ്പരാഗത ഡീ-ഇൻഡക്‌ഷൻ ചടങ്ങിലാണ് സേവനം അവസാനിപ്പിച്ചത്.

ഐഎഐ സെർച്ചർ എംകെ 2 വിഭാഗത്തിലെ ആറ്‌ വിമാനങ്ങൾക്കാണ്‌ നാവികസേന വിടചൊല്ലിയത്‌. രണ്ടുപതിറ്റാണ്ട് ഇന്ത്യൻ സമുദ്രമേഖലയിലെ ചാരക്കണ്ണുകളായിരുന്ന ആളില്ലാ നിരീക്ഷണ വിമാനങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കിയിരുന്നു. രാവിലെയും വൈകിട്ടുമുള്ള പതിവ് നിരീക്ഷണ പറക്കലുകൾ കൊച്ചിക്കാർക്ക് മറക്കാനാകില്ല. തീരദേശങ്ങളിലടക്കം ഒട്ടേറെ തിരച്ചിലുകളിൽ ഈ വിമാനങ്ങൾ പങ്കാളിയായി. പൈലറ്റില്ലാത്ത നിരീക്ഷണ വിമാനങ്ങൾ തുടക്കത്തിൽ ജനങ്ങൾക്ക് അത്ഭുതമായിരുന്നു. പതിനെട്ട്‌ മണിക്കൂറോളം തുടർച്ചയായി പറക്കാൻ കഴിയുമായിരുന്നു. മണിക്കൂറിൽ 201 കിലോമീറ്ററാണ് വേഗം.

ദക്ഷിണ നാവികസേന ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ ഉപൽ കുന്ദുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിമാനങ്ങൾക്ക് ആദരം അർപ്പിച്ചു. യുഎവി സ്‌ക്വാഡ്രൺ മുതിർന്ന നാവിക ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home