എം കെ രാഘവന്റെ വീട്ടിലേക്ക് കോൺഗ്രസുകാരുടെ മാർച്ച് ; കോലം കത്തിച്ചു
പഴയങ്ങാടി
മാടായി കോളേജ് നിയമനത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായി. കോളേജ് ഭരണസമിതി ചെയർമാൻകൂടിയായ എം കെ രാഘവൻ എംപിയുടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ വീട്ടിലേക്ക് നൂറോളം കോൺഗ്രസുകാർ മാർച്ച് നടത്തി. വീടിന് മുന്നിൽ കോലം കത്തിച്ചു. കോഴവാങ്ങിയാണ് നിയമനം നടത്തിയതെന്നും കോൺഗ്രസ് പ്രവർത്തകരുടെ വികാരം കണക്കിലെടുത്തില്ലെന്നുമാണ് പരാതി. ഭരണസമിതിയിലെ മറ്റംഗങ്ങൾക്കെതിരെയും ഇവർ ആരോപണമുയർത്തുന്നുണ്ട്.
കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റിക്കുകീഴിലെ പ്രവർത്തകരാണ് ചൊവ്വ വൈകിട്ട് മാർച്ച് നടത്തി കോലം കത്തിച്ചത്. ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ പ്രതിഷേധങ്ങൾക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ഡിസിസി പ്രസിഡന്റിന്റെയും മൗനാനുവാദമുണ്ട്. തിങ്കളാഴ്‌ച പഴയങ്ങാടി ടൗണിലും കോൺഗ്രസുകാർ പ്രകടനം നടത്തി രാഘവന്റെ കോലം കത്തിച്ചിരുന്നു. നിയമനങ്ങൾ റദ്ദാക്കി പ്രവർത്തകർക്കെതിരെയുള്ള സംഘടനാ നടപടി പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് രാഘവനെ എതിർക്കുന്നവർ പറയുന്നത്. ഗ്രൂപ്പുതർക്കം രൂക്ഷമായതോടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ അഞ്ചുപേരെ പ്രാഥമികാംഗത്വത്തിൽനിന്ന് ഡിസിസി സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഡിസിസി പ്രസിഡന്റിന് കാര്യങ്ങൾ
അറിയില്ലെന്ന് രാഘവൻ
കണ്ണൂർ മാടായി സഹകരണ കോളേജ് നിയമനവിഷയത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രവർത്തിക്കുന്നതെന്ന് എം കെ രാഘവൻ എംപി. സഹകരണ കോളേജ് സ്ഥാപിച്ചത് താനാണെന്നും സ്ഥാപനം സർക്കാർ ഏറ്റെടുക്കാൻ തയ്യാറായാൽ വിട്ടുകൊടുക്കുമെന്നും എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാനദണ്ഡങ്ങൾ പ്രകാരമാണ് കോളേജിൽ നിയമനങ്ങൾ നടത്തിയത്. ഇതിൽ കോൺഗ്രസുകാരാണ് കോലം കത്തിച്ചത്. തന്നെ കത്തിച്ചതിന് തുല്യമാണിത്. ഇളക്കി വിടുന്നവരെ അറിയാം. പേര് ഇപ്പോൾ പറയുന്നില്ല. കോലം കത്തിച്ചവരോട് സഹതാപം മാത്രം. ഡിസിസി പ്രസിഡന്റിന് കാര്യങ്ങൾ മനസ്സിലായിട്ടില്ല. സമയമാകുമ്പോൾ എല്ലാം പറയാമെന്നും എംപി പ്രതികരിച്ചു.
0 comments