മാനദണ്ഡം മാറ്റണം ; പതിനാറാം ധനകമീഷനോട് ഒറ്റക്കെട്ടായി കേരളം , സംസ്ഥാന സർക്കാരിനൊപ്പം മുഴുവൻ രാഷ്‌ട്രീയ പാർടികളും
തിരുവനന്തപുരം
കേന്ദ്രനികുതി വരുമാനത്തിന്റെ വിഭജനമുൾപ്പെടെ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്ന് 16–-ാം ധനകമീഷനോട് ഒറ്റക്കെട്ടായി കേരളം. കൂടുതൽ നികുതി വിഹിതം അനുവദിക്കണമെന്ന് കമീഷനുമായുള്ള ചർച്ചയിൽ സംസ്ഥാന സർക്കാരിനൊപ്പം മുഴുവൻ രാഷ്‌ട്രീയ പാർടികളും ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡം മാറ്റണമെന്ന് സിപിഐ എം നിവേദനത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ കേരളത്തിന്റെ റവന്യൂ ചെലവ് വർധിച്ചിട്ടുണ്ടെന്നും അതിനാൽ പതിനഞ്ചാം ധനകാര്യ കമീഷൻ അനുദിച്ച 55000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് തുടരണമെന്നും യുഡിഎഫും ആവശ്യപ്പെട്ടു.
ഭൂവിസ്‌തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കുക, ജനസംഖ്യാടിസ്ഥാന വിഹിതം 15 ശതമാനത്തിൽനിന്ന് 32.5 ശതമാനമാക്കുക, ഇതിന് 1971ലെ സെൻസസ് അടിസ്ഥാനമാക്കുക, വനമേഖലാ മാനദണ്ഡമനുസരിച്ചുളള വിഹിതം 10 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി കുറയ്‌ക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചതായി കമീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമീഷൻ വിലയിരുത്തി. സെസ്, സർചാർജ് ഇനത്തിലുള്ള വരുമാനം പൂർണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നതെന്ന കാര്യം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന് വിഭവങ്ങൾ അനിവാര്യമാണെന്നും അത് സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വയനാടിനായി കേന്ദ്രത്തിൽനിന്ന് സാമ്പത്തിക സഹായത്തിന് ധനകമീഷൻ ശുപാർശ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നികുതി വിഹിതത്തിലെ കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തികശേഷിയെ ബാധിക്കുന്നകാര്യം സർക്കാർ നിരന്തരം ഉന്നയിച്ചുവരികയാണ്. പത്താം ധനകമീഷൻ വിഹിതം 3.88 ശതമാനമായിരുന്നത് 15–-ാം ധനകമീഷൻ 1.92 ശതമാനമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിലും ഇതേ സ്ഥിതിയാണ്. പത്താം ധനകമീഷൻ അനുവദിച്ച 4.54 ശതമാനമെന്നത് ഇപ്പോൾ 2.68 ശതമാനമായി.
ഗ്രാന്റും നികുതിവരുമാന വിഹിതവും വെട്ടിക്കുറച്ചും വായ്‌പയെടുക്കൽ പരിധി കുറച്ചുമുള്ള കേന്ദ്രനയം സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്നുണ്ട്. അതിനാൽ യോജിച്ച നിലപാടെടുക്കാൻ അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം കേരളം വിളിച്ചുചേർത്തിരുന്നു. വ്യത്യസ്‌ത രാഷ്‌ട്രീയ വീക്ഷണമുള്ള സർക്കാരുകളായിരുന്നിട്ടും കേരളത്തിന്റെ അഭിപ്രായമായിരുന്നു മറ്റുള്ളവർക്കും. ധനകമീഷനുമുന്നിൽ ഏകാഭിപ്രായമുയരാൻ കേരളത്തിന്റെ മുൻകൈ സഹായിച്ചു.
വിഭവങ്ങൾ സംസ്ഥാനവുമായി പങ്കുവയ്‌ക്കണം : മുഖ്യമന്ത്രി
വിഭവങ്ങൾ സംസ്ഥാനവുമായി പങ്കുവയ്ക്കുന്നത് കേന്ദ്ര വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുമെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിനാറാം ധനകമീഷനെ അഭിസംബോധനചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘‘നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന പതിനഞ്ചാം ധനകമീഷന്റെ ശുപാർശയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നത്. സർചാർജ്, സെസ് വർധന പരിഗണിച്ചാണ് ഇത്തരമൊരു ശുപാർശ ധനകമീഷൻ നൽകിയത്. എന്നാൽ ലഭിക്കുന്നത് 30 മുതൽ 32 ശതമാനംവരെ മാത്രമാണ്. പഞ്ചവത്സര പദ്ധതികൾക്കുള്ള സാധാരണ കേന്ദ്ര സഹായവും 2015–-16 ആയപ്പോൾ നി
ലച്ചു.
സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ പരിപാടികളും നയങ്ങളും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം വേണം. അതിനുള്ള പണവും ലഭിക്കണം. സർക്കാരിയ കമീഷൻ പറഞ്ഞതുപോലെ കാര്യങ്ങൾ കൂടുതൽ കേന്ദ്രീകൃതമാകുന്നത് കേന്ദ്രത്തിന് രക്തസമ്മർദവും സംസ്ഥാനങ്ങൾക്ക് അനീമിയയും സൃഷ്ടിക്കും. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് നിയമ നടപടികളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
2015–--16 മുതൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കേന്ദ്രത്തിൽനിന്ന് ലഭിച്ചെന്ന്, വ്യക്തമായി കാര്യങ്ങൾ അറിയുന്നവർ കള്ളം പറയുന്നത് നിരാശാജനകമാണ്. കേന്ദ്ര ബജറ്റിലെ കണക്കുകൾ ഇതിന് വിരുദ്ധമാണെന്ന് പരിശോധിച്ചാൽ മനസിലാകും. ജനസംഖ്യാ നയം നടപ്പാക്കിയത് കേരളത്തിന് നൽകുന്ന കേന്ദ്ര നികുതിവിഹിതത്തെ ബാധിച്ചു. ഹരിതനയം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെയും കേരളത്തിന് വരുമാന നഷ്ടം സംഭവിക്കുന്നുണ്ട്’’–- മുഖ്യമന്ത്രി പറഞ്ഞു.
ഫണ്ട് വിഭജനത്തിലെ അസമത്വം ഒഴിവാക്കണം
നികുതി വരുമാനം സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നതിലെ അസമത്വം ഒഴിവാക്കണമെന്ന് പതിനാറാം ധനകമീഷനുമുന്നിൽ കേരളം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം വർധിപ്പിക്കണമെന്നും കമീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും അംഗങ്ങളുമായുള്ള ചർച്ചയിൽ കേരളം ആവശ്യ
പ്പെട്ടു. ചെയർമാനെകൂടാതെ ആനി ജോർജ് മാത്യു, മനോജ് പാണ്ഡ, സൗമ്യകാന്തി ഘോഷ്, സെക്രട്ടറി റിത്വിക് പാണ്ഡെ, ജോയിന്റ് സെക്രട്ടറി രാഹുൽ ജെയിൻ, ഡെപ്യൂട്ടി സെക്രട്ടറി അജിത്കുമാർ രഞ്ജൻ, ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്കുമാർ, ഓംപാൽ, കുമാർ വിവേക് എന്നിവരുമായിട്ടായിരുന്നു ചർച്ച.
2026 ഏപ്രിൽ ഒന്നിന് നിലവിൽവരേണ്ട അഞ്ചുവർഷകാലയളവിലേക്കുള്ള ശുപാർശ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് സംഘം എത്തിയത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമീഷൻ അംഗങ്ങളെ സ്വീകരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, പി രാജീവ്, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, വി അബ്ദു റഹിമാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണം
ഗ്രാന്റുകൾ അനുവദിക്കുമ്പോൾ വലിയതോതിൽ റവന്യുനഷ്ടം ഉണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കണം. പൊതുമേഖലാ കമ്പനികളുടെ ലാഭവിഹിതം, സ്‌പെക്‌ട്രം വിൽപന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, ഓഹരി വിറ്റഴിക്കൽ വഴിയുള്ള വരുമാനവും വിഭജിക്കണം. വരുമാനത്തിന്റെ നിശ്ചിതഭാഗം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നീക്കിവയ്‌ക്കുന്നുവെന്ന് ഉറപ്പുവരുത്തണം. എസ്‌ഡിആർഎഫിലേക്കുള്ള വിഹിതം നൂറുശതമാനം വർധിപ്പിക്കണമെന്നും നിവേനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആവശ്യം പരിശോധിക്കും:
ധനകമീഷൻ ചെയർമാൻ
സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്നതുൾപ്പെടെ കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ ധനകമീഷൻ പരിശോധിക്കുമെന്ന് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘സമാനമായ ശുപാർശ മറ്റുസംസ്ഥാനങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ സന്ദർശിച്ചു. കേന്ദ്രം നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ വലിയ മാറ്റം കേരളം നിർദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ വിഹിതം നിശ്ചയിക്കണമെന്നതാണ് കേരളം മുന്നോട്ടുവച്ച മറ്റൊരു ആവശ്യം.
ദുരന്തനിവാരണത്തിന് കൂടുതൽ വിഹിതവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീർഷ വരുമാനം കുറവുള്ള സംസ്ഥാനങ്ങൾക്ക് നിലവിൽ കൂടുതൽ വിഹിതം ലഭിക്കുന്നുണ്ട്. ഇത് നിലവിലെ 45 ശതമാനത്തിൽനിന്ന് 30 ആക്കണമെന്നും കേരളം നിർദേശിച്ചു. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണ്. സംസ്ഥാന വരുമാനത്തിന്റെ നല്ല പങ്ക് തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി നൽകുന്നുണ്ട്’’–- അദ്ദേഹം പറഞ്ഞു. കമീഷൻ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 comments