19 October Saturday

മറക്കാമോ കൊച്ചിയെ വിഴുങ്ങാതെ കാത്ത കാലം...

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി മെട്രോ പദ്ധതിയിൽനിന്ന്‌ ഡിഎംആർസിയെയും ഇ ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖരും അണിചേർന്നപ്പോൾ (ഫയൽചിത്രം)


കൊച്ചി
യുഡിഎഫ്‌ അഴിമതിയുടെ നിത്യസ്‌മാരകമായി പാലാരിവട്ടം മേൽപ്പാലം തകർന്നതിന്‌ പിന്നാലെ മഹാനഗരത്തിലെ മെട്രോ റെയിൽ ഉൾപ്പെടെ വൻകിട നിർമാണങ്ങൾ നിലംപൊത്താതെ നിന്നത്‌ എൽഡിഎഫ്‌ ജാഗ്രതയിൽ. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായി പാലാരിവട്ടം പാലം നിർമാണ അഴിമതി മാറുമ്പോൾ ഒഴിവായ മഹാദുരന്തവും മഹാനഗരത്തിൽ സജീവ ചർച്ചയാണ്‌.

കൊച്ചി മെട്രോ നിർമാണത്തിൽനിന്ന‌് ഡിഎംആർസിയെയും ഇ ശ്രീധരനെയും ഒഴിവാക്കി 6000 കോടി രൂപയുടെ  നിർമാണം ഏറ്റെടുക്കാൻ മുൻ യുഡിഎഫ‌് സർക്കാർ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടത്‌ എൽഡിഎഫ്‌ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ്‌. കൊച്ചി മെട്രോ പദ്ധതികളായ എറണാകുളം നോർത്ത‌് റെയിൽവേ മേൽപ്പാലം, കെഎസ‌്ആർടിസി സ‌്റ്റാൻഡിനടുത്തെ എ എൽ ജേക്കബ‌് പാലം, പച്ചാളം പാലം,  ഇടപ്പള്ളിയിലെ ഫ‌്ളൈഓവർ എന്നിവയുടെ നിർമാണം മുൻ എൽഡിഎഫ്‌ സർക്കാർ അധികാരമൊഴിയും മുമ്പ്‌ ഡിഎംആർസിക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു.

വി എസ‌് അച്യുതാനന്ദൻ സർക്കാർ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഡിപിആർ ഉൾപ്പെടെ സമർപ്പിച്ച‌ിട്ടും കോൺഗ്രസ‌് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാർ പദ്ധതിക്ക‌്  അനുമതി നൽകാതെ വൈകിക്കുകയായിരുന്നു. എന്നാൽ, മെട്രോയുടെ അനുബന്ധ നിർമാണങ്ങൾക്ക‌് എൽഡിഎഫ്‌ സർക്കാർ അവസാന ബജറ്റിൽ പണം വകയിരുത്തി. നിർമാണത്തിന്‌ ഡിഎംആർസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമേറ്റപ്പോൾ മെട്രോയ‌്ക്ക‌് അനുമതി കിട്ടി. പിന്നെ മെട്രോ നിർമാണത്തിൽ നിന്ന്‌ ഇ ശ്രീധരനെയും ഡിഎംആർസിയെയും ഒഴിവാക്കാനുള്ള നീക്കങ്ങളായിരുന്നു. ഡിഎംആർസി പങ്കെടുക്കില്ലെന്ന‌് അറിഞ്ഞുതന്നെ പദ്ധതിക്ക‌് ആഗോള ടെൻഡർ കൊണ്ടുവന്നു. നിർമാണമേറ്റെടുക്കാനെന്ന മട്ടിൽ കെഎംആർഎൽ ഉദ്യോഗസ്ഥർ വിദേശയാത്രകൾ നടത്തി. ഇതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതുവരെ പ്രവർത്തനങ്ങൾ നടത്തിയ ഡിഎംആർസി, കൊച്ചിയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന‌് ഇ ശ്രീധരൻ പ്രഖ്യാപിച്ചതുവരെ കാര്യങ്ങളെത്തി. 

ഡിഎംആർസിയെയും ഇ ശ്രീധരനെയും ഒഴിവാക്കി മെട്രോ നിർമാണം ഏറ്റെടുക്കാനുള്ള യുഡിഎഫ‌് നീക്കം ശക്തമായ ബഹുജനരോഷമുയർത്തിയാണ‌്  എൽഡിഎഫ്‌ പരാജയപ്പെടുത്തിയത‌്. അന്തരിച്ച ജസ‌്റ്റിസ‌് വി ആർ കൃഷ‌്ണയ്യരും എം കെ സാനുവും സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഉൾപ്പെടെയുള്ളവർ കൈകോർത്ത മനുഷ്യമെട്രോ ആ  പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടതായി.

  ജനരോഷം ഭയന്ന‌് മെട്രോ നിർമാണത്തിൽനിന്നുമാത്രമല്ല, അനുബന്ധ നിർമാണങ്ങളിൽനിന്നുപോലും യുഡിഎഫ‌് സർക്കാർ ഡിഎംആർസിയെ ഒഴിവാക്കാൻ ധൈര്യപ്പെട്ടില്ല. പേരിന‌ുപോലും എതിർപ്പുയർത്താതെ നാലു പാലം നിർമാണവും ഡിഎംആർസിക്ക‌് നൽകി. നിശ‌്ചിത സമയത്ത‌് നാല‌് മേൽപ്പാലങ്ങൾ പൂർത്തിയാക്കിയതോടൊപ്പം പച്ചാളം പാലം നിശ‌്ചിത  52 കോടിയിൽ 39 കോടിമാത്രം ചെലവഴിച്ചും  ഇടപ്പള്ളി ഫ‌്ളൈഓവർ 108 കോടി വകയിരുത്തിയതിൽ 78 കോടിമാത്രം ചെലവഴിച്ചുമാണ‌് ഡിഎംആർസി പൂർത്തിയാക്കിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top