15 December Sunday

താന്തോണിതുരുത്തിലെ ജീവിതം തൊട്ടറിഞ്ഞ്‌ അഡ്വ. മനു റോയി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


കൊച്ചി
അനുദിനം വളരുന്ന നഗരത്തിനു തൊട്ടടുത്ത്‌ അവഗണനയുടെ ദുരിതം പേറി ജീവിക്കുന്ന താന്തോണി തുരുത്തുകാർക്കിടയിൽ ജീവിതം തൊട്ടറിഞ്ഞ് എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയി. തുരുത്തിൽ വോട്ടുതേടിയെത്തിയ മനു റോയിയെ തുരുത്തിലെ തലമുതിർന്ന താമസക്കാരി രത്‌നവല്ലി മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ചു.

നഗരത്തിന് വിളിപ്പാടകലെയാണ് തുരുത്ത്. പക്ഷേ, തലയെടുപ്പോടെ നിൽക്കുന്ന നഗരത്തെ നോക്കി നെടുവീർപ്പിടാനാണ് തുരുത്തുകാരുടെ വിധി. വഴിയില്ല, പാലമില്ല, കുടിവെള്ളമില്ല... ഓരോ വേലിയേറ്റത്തിലും കായലിലെ വെള്ളത്തിൽ മുങ്ങാൻ വിധിക്കപ്പെട്ടവർ. കഴിഞ്ഞ പ്രളയത്തിൽ മിക്ക വീടുകളും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഇരുപത്തിയഞ്ചുവർഷമായി ഇവിടെ താമസിക്കുന്ന ശാന്ത, സ്ഥാനാർഥിയോട് തുരുത്തുകാരുടെ ദുരിതങ്ങളെണ്ണിപ്പറഞ്ഞു. എല്ലാവരുടെയും പരാതികൾ മനു റോയി ക്ഷമയോടെ കേട്ടു. ഇനി ഒന്നരവർഷം കൂടിയുണ്ട്. തന്നെ നിയമസഭയിലേക്ക് അയച്ചാൽ സർക്കാരിന്റെ സഹായത്തോടെ വേണ്ടതുചെയ്യാമെന്ന് ഉറപ്പുനൽകി.

നഗരത്തിൽനിന്ന്‌ വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങിയെത്തിയ വൃദ്ധദമ്പതികളായ ഭാസ്‌കരനും തങ്കമണിയും വഞ്ചിയിലിരുന്നുതന്നെ സ്ഥാനാർഥിയോട് കുശലം പറഞ്ഞു. വോട്ടുതരാമെന്ന് ഉറപ്പുനൽകി അവർ തുരുത്തിലേക്ക് കയറി. ചൂണ്ടയിട്ടുകൊണ്ടിരുന്ന മണി സ്ഥാനാർഥി വന്നതറിഞ്ഞ് ഓടിയെത്തി. ചൂണ്ടയിട്ടാൽ നേരംപോക്കായി, കറി വയ്ക്കാനുള്ള മീനും കിട്ടും. അത്രയേ ഉള്ളുവെന്ന് മണി.

65 വീടുകളിലായി 195 വോട്ടർമാരാണ് തുരുത്തിലുള്ളത്. ഇവർക്ക് നഗരത്തിലെത്താൻ വഞ്ചിയും ബോട്ടും മാത്രമാണ് ആശ്രയം. ഹൈക്കോടതി ജങ്‌ഷനിൽ നിന്നുവേണം എല്ലാ സാധനങ്ങളും വാങ്ങാൻ. ഇവിടെനിന്ന് ആകെയുണ്ടായിരുന്ന വഴിയും ഈയിടെ അടച്ചു. പുതിയ എംഎൽഎ വന്നാൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് തുരുത്തുകാർ. 

സ്ഥാനാർഥിയുടെ ബുധനാഴ്‌ചത്തെ പ്രചാരണം കോന്തുരുത്തി സെന്റ് ജോൺസ് നെപുംസ്യാൻ പള്ളിയുടെ സമീപത്തുനിന്ന്‌ ആരംഭിച്ചു. സ്‌നേഹതീരം കോളനി, മുളവരിക്കൽ റോഡ്, ചാവറ റസിഡൻസ് മേഖല എന്നിവിടങ്ങളിൽ വീടുകൾ കയറിയിറങ്ങി വോട്ടുതേടി. തുടർന്ന് കറുകപ്പള്ളി മേഖലയിൽ എത്തി. 
കലൂർ ലെനിൻ സെന്ററിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും സ്ഥാനാർഥി സന്ദർശിച്ചു.


പ്രധാന വാർത്തകൾ
 Top