13 November Wednesday

കേരളാ കോൺഗ്രസ്‌ ജന്മദിനത്തിലും ആരോപണങ്ങളുമായി ഇരുവിഭാഗങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


കോട്ടയം
കേരളാ കോൺഗ്രസ്‌ ജന്മദിനത്തിലും പരസ്‌പരം പോരടിച്ച്‌ ഇരുവിഭാഗങ്ങൾ. രണ്ടായിട്ടായിരുന്നു ജന്മദിനാഘോഷം.  ജോസ്‌ കെ മാണിയുടെ നേതൃത്വത്തിൽ സിഎസ്‌ഐ റിട്രീറ്റ് സെന്ററിലും ജോസഫ്‌ വിഭാഗം റബർഭവനിലുമാണ്‌ ജന്മദിന പരിപാടി സംഘടിപ്പിച്ചത്‌.

കൂടെയുള്ള ശത്രുക്കളെ തിരിച്ചറിയാത്തതാണ്‌ പാലായിലെ പരാജയത്തിന്‌ കാരണമെന്ന്‌ ജോസ്‌ കെ മാണി വിഭാഗത്തിലെ ജോസ്‌ ടോം സ്വാഗതപ്രസംഗത്തിൽ തുറന്നടിച്ചു. ശത്രുവിനെ ശത്രുവായി തന്നെ കാണണം.  ജോസ്‌ ടോം പറഞ്ഞത്‌ തന്നെ ആവർത്തിക്കുകയായിരുന്നു ഉദ്‌ഘാടന പ്രസംഗത്തിൽ ജോസ്‌ കെ മാണിയും. പാലായിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം പറയാനുള്ളതെല്ലാം തുറന്ന്‌ പറയും. ആത്മാർഥമായ ആത്മപരിശോധന
നടത്തും. പോരായ്മ എന്താണെന്ന് പരിശോധിച്ച് തിരുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതി അംഗം പി കെ സജീവ് അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ ജയരാജ് എംഎൽഎ, പി ടി ജോസ്,  ജോസഫ് എം പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, ജോസ് ടോം, പി എം മാത്യു, ഇ ജെ അഗസ്‌തി എന്നിവർ സംസാരിച്ചു.

ജോസഫ് വിഭാഗം നടത്തിയ ജന്മദിന സമ്മേളനത്തിൽ ജോസ് കെ മാണിക്കെതിരെ രൂക്ഷവിമർശനമാണ്‌ പി ജെ ജോസഫ്‌ ഉന്നയിച്ചത്‌. സ്വന്തമായി തീരുമാനം എടുക്കാത്തയാളാണ് ജോസ് കെ മാണി. ആരെങ്കിലും പറയുന്നതിനനുസരിച്ച് ചെയ്യും. പഞ്ചറായ വണ്ടിയാണ് ജോസ് പക്ഷം. അതുകൊണ്ടാണ് വണ്ടി ഇടിച്ചുനിന്നതെന്ന്‌ ജോസഫ്‌ പറഞ്ഞു. സി എഫ്‌ തോമസ്‌ എംഎൽഎ അധ്യക്ഷനായി. മുൻ എംപി അഡ്വ. ജോയി എബ്രാഹം, മോൻസ് ജോസഫ് എംഎൽഎ, മുൻ എംഎൽഎ ടി യു കുരുവിള, മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ, അജിത് മുതിരമല, കുര്യാക്കോസ് പടവൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top