21 November Thursday

ആർസിഇപി കരാർ ഒപ്പിടരുത് ; സംസ്ഥാനത്തെ ക്ഷീര മേഖല തകരും: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


പാലക്കാട്‌
രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയെയും സംസ്ഥാനത്തിന്റെ ക്ഷീര മേഖലയേയും  തകർക്കുന്ന ആർസിഇപി (റീജിയണൽ കോംപ്രിഹെൻസീവ്‌ എക്കണോമിക്‌ പാർട്‌ണർഷിപ്‌) കരാർ ഒപ്പിടുന്നതിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണമെന്ന്‌ കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു.

കരാർ സംബന്ധിച്ച ചർച്ച വ്യാഴാഴ്‌ച ബാങ്കോക്കിൽ നടക്കുന്നുണ്ട്‌. കാർഷിക–-ഉൽപ്പാദന മേഖലയിൽ വൻ തിരിച്ചടിയുണ്ടാക്കുന്നതാണ്‌ കരാർ. ഇറക്കുമതി തീരുവ കുറച്ച്‌ ഉൽപ്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യാന്‍ കരാര്‍ നിര്‍ബന്ധിക്കപ്പെടും.  ഇത്‌ ക്ഷീര മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്ന്‌ പാലുൽപ്പന്നങ്ങൾ കുറഞ്ഞവിലയിൽ എത്തുന്നതോടെ സംസ്ഥാനത്തെ ക്ഷീരമേഖലയുടെ തകർച്ചയ്‌ക്ക്‌ വഴിതുറക്കും.  നിലവിൽ ക്ഷീര മേഖല വൻ വികസനകുതിപ്പിലാണ്‌. ഇതിന്‌ തടസം സൃഷ്ടിക്കുന്നതാകും കരാർ. സുഗന്ധവ്യഞ്ജനം, കശുവണ്ടി, സമുദ്രോല്‍പ്പന്നം, പൗൾട്രി മേഖലകളെയും കരാ‍ര്‍ പ്രതികൂലമായി ബാധിക്കും. 

ആസിയാൻ കരാർ വന്നതോടെ വസ്ത്ര വ്യവസായമേഖല വൻ പ്രതിസന്ധിയിലാണ്‌. ആർസിഇപി കരാർ കൂടി വരുന്നതോടെ രാജ്യത്തിന്റെ കമ്പോളം ഏതാണ്ട്‌ പൂർണമായും വിദേശ രാജ്യങ്ങൾക്ക്‌ തുറന്നുകൊടുക്കപ്പെടും. കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കരാർ ഒപ്പിടുന്നതിനുമുമ്പ്‌ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും അതുണ്ടായില്ല. കരാർ ഒപ്പിടരുതെന്ന്‌ കേന്ദ്ര വ്യവസായ വകുപ്പിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ വി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ റപഞ്ഞു.

ബ്രൂണെ, മ്യാൻമർ, കംബോഡിയ, ഇൻഡോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പുർ, തായ്‌ലൻഡ്‌, വിയറ്റ്‌നാം എന്നീ പത്ത് ആസിയാൻ രാജ്യങ്ങളും ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേർന്നുള്ള സ്വതന്ത്ര വ്യാപാരക്കരാറാണ് ആര്‍സി
ഇപി.


പ്രധാന വാർത്തകൾ
 Top