26 October Monday

തന്റെ കാലത്തെ നഷ്‌ടം എൽഡിഎഫിന് മേൽ കെട്ടിവെക്കാനുള്ള ഹീനശ്രമമാണ് ഉമ്മൻചാണ്ടി നടത്തുന്നത്; കണക്കുനിരത്തി മന്ത്രി ഇ പിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020

തിരുവനന്തപുരം > പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് ഉമ്മൻ ചാണ്ടി നടത്തിയ പരാമർശം സ്വയം പരിഹാസ്യമാകുന്നതിന് തുല്യമാണെന്ന് മന്ത്രി ഇ പി ജയരാജൻ. ദേശീയതലത്തിൽ പ്രഖ്യാപിച്ച ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളം പിന്നിലായത് സൂചിപ്പിച്ചാണ് ഉമ്മൻചാണ്ടി എൽഡിഎഫ് ഗവൺമെന്റിനെതിരെ വിമർശനം ഉന്നയിച്ചത്. യുഡിഎഫ് ഭരണകാലത്തെ പൊതുമേഖലയുടെ പിന്നോക്കാവസ്ഥ സൂചിപ്പിക്കുന്ന കണക്കുകളും മറ്റും കാണിച്ചാണ് എൽഡിഎഫ് ഗവൺമെന്റിനെയും സിപിഐ എമ്മിനെയും വിമർശിക്കുന്നത്. വിമർശനത്തിന് പിന്തുണയായി ഉമ്മൻചാണ്ടി ഉന്നയിച്ച വിഷയങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് ഇപി പ്രസ്താവനയിൽ പറഞ്ഞു.

യുഡിഎഫ് കാലത്ത് നിലച്ചു നിന്ന ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെയുള്ളവയെ പരാമർശിച്ചുള്ള മുൻ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ ആശ്ചര്യപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള നിക്ഷേപകസൗഹൃദ സാഹചര്യം കണക്കിലെടുത്താൽ ആദ്യ പത്തിനുള്ളിൽ ഉൾപ്പെടേണ്ടതാണ്. അശാസ്ത്രീയവും അപ്രായോഗികവുമായ റാങ്കിങ്ങ് രീതിയാണ് പ്രശ്നം.

പോയിന്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തിൽ നിന്ന് മാറി, മുൻവർഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടർന്ന ഡിപിഐഐടി നടപടി ശരിയല്ല. ധന മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് ( ഡിപിഐഐടി) പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 187 പരിഷ്‌ക്കരണങ്ങളിൽ 157 ഉം കേരളം നടപ്പാക്കി. ഒരു പരിഷ്‌ക്കരണവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങൾ റാങ്കിങ്ങിൽ ഏറെ മുന്നിലാണ്. കേരളത്തെ കുറ്റപ്പെടുത്താൻ ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവർ ഇതൊന്നും കാണില്ല. കേന്ദ്രം സ്വീകരിക്കുന്ന തെറ്റായ നിലപാടുകളിലും സന്തോഷിക്കുകയാണ് അവർ.

ഗെയ്ൽ പൈപ്പ് ലൈൻ, സ്മാർട്ട്സിറ്റി, വിഴിഞ്ഞം തുടങ്ങിയവയെ എതിർക്കുന്നവരെന്ന ഉമ്മൻചാണ്ടിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് അറിയാം. യുഡിഎഫ് ഭരണകാലത്ത് സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ൽ) വാതക പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ചതാണ്. എന്നാൽ, എൽഡിഎഫ് അധികാരമേറിയ ശേഷം സ്ഥലം ഏറ്റെടുത്തു നൽകി. പദ്ധതി പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം തുറമുഖം പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഐ ടി മേഖലയിൽ അഞ്ചു വർഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വികസനം നാല് വർഷത്തിനകം നടപ്പാക്കി മുന്നേറുകയാണ് എൽഡിഎഫ് ഗവൺമെന്റ്.

2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1833.2 കോടി രൂപയാണെന്നാണ് ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറയുന്നത്. ഈ കണക്ക് 2018 ലെ സിഎജി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ളതാണ്.'-പൊതുമേഖലാ സ്ഥാപനങ്ങളുടെ 2017 മാർച്ച് 31 വരെയുള്ള സ്ഥിതി പരിശോധിച്ചുള്ള കണക്കുകളാണ് 2018 ജൂൺ 19 ന് സിഎജി പുറത്തുവിട്ടത്. ഇതുപ്രകാരം ലാഭത്തിൽ പ്രവർത്തിച്ച 45 പൊതുമേഖലാ സ്ഥാപനങ്ങൾ ആകെ 382.84 കോടി രൂപ ലാഭം ഉണ്ടാക്കി. നഷ്ടത്തിൽ പ്രവർത്തിച്ച 64 പൊതുമേഖലാ സ്ഥാപനങ്ങൾ ആകെ 2216.01 കോടി രൂപ നഷ്ടവുമുണ്ടായി. ബാക്കി സ്ഥാപനങ്ങൾ ലാഭ-നഷ്ടമില്ലാത്തവയാണ്. ഇതുപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം കണക്കിൽ 1833.2 കോടി രൂപ നഷ്ടമാണ് 2017 മാർച്ച് 31 വരെ എന്നാണ് സിഎജി റിപ്പോർട്ടിൽ പറഞ്ഞത്. ഇക്കാര്യമാണ് 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലുള്ളത്.'-2017 ന് ശേഷമുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല.

തന്റെ കാലത്തെ നഷ്ടക്കണക്ക് എൽഡിഎഫിന് മേൽ കെട്ടിവെക്കാനുള്ള ഹീനശ്രമമാണ് ഉമ്മൻചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായത്. ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും ആ കാലയളവും സിഎജി  റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസി  1431. 29 കോടി നഷ്ടം (2014-15), കെഎസ്ഇബി 313.29 കോടി നഷ്ടം (2015-16), സപ്ലൈകോ 107.43 കോടി നഷ്ടം (2014-15).'-മൂന്നു സ്ഥാപനങ്ങൾ മാത്രം 1852.01 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സിഎജി റിപ്പോർട്ട്്.'- സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാലയളവ് മുഴുവൻ ഉമ്മൻചാണ്ടി നയിച്ച കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റേതാണ്. ഇതെല്ലാം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിരോധമാണ് റാങ്കിങ്ങിൽ പ്രതിഫലിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കോൺഗ്രസിൽനിന്നും അവരുടെ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത്. കേരളത്തിന്റെ താൽപ്പര്യങ്ങളെയും വികസനത്തെയും ഹനിക്കുന്ന നിലപാടാണിത്. കേരളത്തിന് അർഹമായ പരിഗണന ലഭിക്കാൻ ഒന്നിച്ച് നിൽക്കുന്നതിനു പകരം കേരളവിരുദ്ധർക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് ഉമ്മൻചാണ്ടിയുടേത്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ തിരിച്ചോടിക്കാനും അവരെ നിരുത്സാഹപ്പെടുത്താനും മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് കേരളത്തിലെ നിക്ഷേപരംഗം മുരടിപ്പിലായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന അവസ്ഥയായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി മാറി. നിതി ആയോഗിന്റെ 2019 ലെ സുസ്ഥിര വികസന സൂചിക പ്രകാരം കേരളം വ്യവസായ വികസനത്തിൽ ഒന്നാമതാണ്. നിക്ഷേപകർ വലിയതോതിൽ ആകർഷിക്കപ്പെടുകയാണ്. ഇതിൽ അസ്വസ്ഥത പൂണ്ടാണ് പ്രതിപക്ഷം ആക്ഷേപങ്ങളുമായി വരുന്നത്. കേരളം സ്വീകരിച്ച നിക്ഷേപസൗഹൃദ നടപടികൾ മനസ്സിലാക്കുകയും അർഹമായ അംഗീകാരം ലഭിക്കാൻ വാദിക്കുകയുമാണ് ഉമ്മൻചാണ്ടിയെ പോലുള്ളവർ ചെയ്യേണ്ടത്. അതിനു പകരം നെറികെട്ട രാഷ്ട്രീയക്കളി നടത്തുന്നത് കേരളത്തിന് ഗുണകരമല്ല. വ്യാജ ആരോപണങ്ങളുമായി കേരള വിരുദ്ധർക്ക് കുടപിടിക്കുന്നതിനു പകരം നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കണമെന്നാണ് ഉമ്മൻചാണ്ടിയോടും കൂട്ടരോടും പറയാനുള്ളതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top