21 October Wednesday

എസ്‌ഡിപിഐ പ്രവർത്തകന്റെ കൊലപാതകം; 3‌ ആർഎസ്‌എസുകാർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


കൂത്തുപറമ്പ്
എസ്ഡിപിഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊന്ന കേസിൽ മൂന്ന്‌ ആർഎസ്എസ്സുകാർ അറസ്‌റ്റിൽ. കണ്ണവം ചുണ്ടയിലെ അഷ്ന നിവാസിൽ ആശിക്‌ലാൽ, അഞ്ജുനിവാസിൽ അമൽ രാജ്‌, ധന്യ നിവാസിൽ പ്രബിൻ (കണ്ണൻ) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കൊലയാളി സംഘത്തിൽ 11 പേരുള്ളതായാണ്‌ പൊലീസ്‌ നിഗമനം. നേരത്തെ ആസൂത്രണം ചെയ്‌തതനുസരിച്ചാണ്‌  ബൈക്കിൽ പിന്തുടർന്ന്‌ അപകടമുണ്ടാക്കിയശേഷം‌ സലാഹുദ്ദീനെ വെട്ടിക്കൊന്നത്‌. കസ്‌റ്റഡിയിലുള്ളവരിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്‌ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ്‌‌ അന്വേഷിക്കും‌.

ചൊവ്വാഴ്‌ച വൈകിട്ട്‌‌ ചിറ്റാരിപ്പറമ്പ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്‌  സംഭവം. സഹോദരിമാർക്കൊപ്പം കാറിൽ കൂത്തുപറമ്പിൽനിന്ന്‌ കണ്ണവത്തേക്ക് വരികയായിരുന്നു സലാഹുദ്ദീൻ. കാറിന്റെ പിന്നിൽ ബൈക്കിടിച്ചപ്പോൾ ഒരാൾ വീണത്‌ കണ്ട്‌ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. അറസ്‌റ്റിലായ മൂന്നുപേരാണ്‌ ബൈക്കിലുണ്ടായത്‌. കണ്ണവം ഭാഗത്തുനിന്ന്‌ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സഹോദരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്നവർ ഉൾപ്പെടെ ആറുപേരെ കണ്ടതായും ഇവർ പൊലീസിനോട്‌ പറഞ്ഞു. ഇവരുടെ നിലവിളി കേട്ട്‌ ആളെത്തുമ്പോഴേക്കും കൊലയാളികൾ ഇരുവാഹനങ്ങളിലുമായി രക്ഷപ്പെട്ടിരുന്നു.

എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊന്ന കേസിൽ ഏഴാം പ്രതിയാണ്‌ സലാഹുദ്ദീൻ. ഇതിലുള്ള പ്രതികാരമാണ്‌ കൊലപാതകമെന്ന്‌ പൊലീസ് പറഞ്ഞു. അക്രമി സംഘം സഞ്ചരിച്ച കാർ ചിറ്റാരിപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബുധനാഴ്ച രാവിലെ പൊലീസ് കണ്ടെത്തി.‌ കോളയാട് സ്വദേശിയിൽനിന്ന്‌  ആഗസ്‌ത്‌ രണ്ടിന്‌ ചൂണ്ടയിൽ സ്വദേശിയാണ്‌ കാർ വാടകയ്‌ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സംഘം കൃത്യം നടത്തുന്നതിന്‌ മുമ്പ്‌ പുഴക്കരയിൽ ഒത്തുകൂടി മദ്യപിച്ചതിന്റെ തെളിവുകളും പൊലീസിന്‌ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണവത്ത്‌ ശ്യാമപ്രസാദ്‌ കേസിലെ പ്രതികളായ എസ്‌ഡിപിഐക്കാരുടെ ഫോട്ടോ അടക്കമുള്ള ഭീഷണി ബോർഡ്‌ ശിവജി ബോയ്‌സിന്റെ പേരിൽ സ്ഥാപിച്ചിരുന്നു. മൃതദേഹം വെളുമ്പത്ത് മഖാം ശരീഫ് കബർസ്ഥാനിൽ കബറടക്കി. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top