29 January Wednesday

പുതിയ കേരള കോൺഗ്രസ്‌ ഡിസംബറിലെന്ന്‌ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


സ്വന്തം ലേഖകൻ
കേരള കോൺഗ്രസ്‌ എമ്മിന്റെ പുതിയ സംഘടനാ സംവിധാനം തന്റെ നേതൃത്വത്തിൽ ഡിസംബറിന്‌ ശേഷം നിലവിൽ വരുമെന്ന്‌  പി ജെ ജോസ‌ഫ‌്.  ജോസ്‌ കെ മാണി പക്വതയും വീണ്ടുവിചാരവുമില്ലാത്ത നേതാണെന്നും ജോസഫ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോട്ടയം ലോക‌്സഭാ സീറ്റ‌് നിഷേധത്തിനു പുറമെ പാലാ  കൺവൻഷനിലെയും പാർടി മുഖപത്രത്തിലെയും അവഹേളനവും അതിരുകടന്നതോടെയാണ‌് ജോസ‌് കെ മാണിയുമായി ഇനി ഒരു ഒത്തുതീർപിനും ഇല്ലെന്ന്‌ ജോസഫ‌് വ്യക്തമാക്കിയത്‌. 

‘‘ഞങ്ങൾ എല്ലാ ജില്ലയിലും സംവിധാനങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഡിസംബറിൽ കോട്ടയം ജില്ലയിൽ ഉൾപ്പെടെ സ്വന്തം പ്രസിഡന്റുമാരും സംഘടനാ സംവിധാനവും നിലവിൽ വരും. തനിക്ക‌് അർഹതപ്പെട്ട കോട്ടയം ലോക‌്സഭാ സീറ്റ‌് അട്ടിമറിച്ചത‌് ജോസ‌് കെ മാണിയാണ്‌. സ്ഥാനാർഥി നിർണയസമയത്ത‌് മറ്റാരുടെയും പേര‌് പരിഗണനയിൽ ഇല്ലായിരുന്നു. രാജ്യസഭാസീറ്റ‌് നേരത്തെ ജോസ‌് കെ മാണിക്ക‌് നൽകിയതിനാൽ കോട്ടയം ലോക‌്സഭാസീറ്റിൽ മത്സരിക്കാനുള്ള ആഗ്രഹം ഞാൻ അറിയിച്ചു.   യുഡിഎഫും അംഗീകരിച്ചു.  കെ എം മാണി  മത്സരിക്കാൻ  തലയിൽ കൈവച്ച‌്  അനുഗ്രഹവും തന്നു. ഇതിനുശേഷമാണ‌് തീരുമാനം അട്ടിമറിക്കപ്പെട്ടത‌്. ജോസ‌് കെ മാണിയായിരുന്നു അതിനു പിന്നിൽ.

ജോസ‌് കെ മാണിക്ക‌് പക്വതയും വീണ്ടുവിചാരവുമില്ല. സ്വന്തമായി തീരുമാനമെടുക്കാനും കഴിവില്ല. വളരെ വേഗം അധികാരം പിടിക്കുകയെന്നതാണ‌് ആഗ്രഹം. എനിക്ക‌് മത്സരിക്കാൻ അവസരം നൽകാത്തതിൽ വിഷമമുണ്ടെന്ന‌് മരിക്കുന്നതിന‌് ഒരാഴ‌്ച മുമ്പ്‌ കെ എം മാണി ഏറ്റവും അടുപ്പമുള്ള ഒരാളോട‌് പറഞ്ഞിരുന്നു.
യുഡിഎഫ‌് നേതാക്കൾ അഭ്യർഥിച്ചതു കൊണ്ടാണ‌് പാലായിൽ സമാന്തര കൺവൻഷനിൽ നിന്ന്‌ പിന്മാറിയത്‌. രണ്ടില ചിഹ്നത്തിനു വേണ്ടി  ജോസ‌് കെ മാണി തട്ടിപ്പു നടത്തി.  വളഞ്ഞവഴിയിൽ ചിഹ്നം തട്ടിയെടുക്കാനായിരുന്നു നീക്കം. ഇത‌് മുൻകൂട്ടി കണ്ടാണ‌് അതിന‌് തടയിട്ടത‌്’’–-  ജോസഫ‌് വെളിപ്പെടുത്തി.

ജോസഫിന്റെ ആരോപണം:  പ്രതികരണത്തിനില്ല‐ജോസ‌്
പാലാ
പി ജെ ജോസഫിന്റെ ആരോപണങ്ങളോട‌് പ്രതികരിക്കാനില്ലെന്ന‌് ജോസ‌് കെ മാണി എംപി. തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും യുഡിഎഫ‌് നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും ജോസ‌്പറഞ്ഞു.

യുഡിഎഫ്‌ തർക്കം: യോഗം ഇന്നത്തേക്ക്‌ മാറ്റി
പാലാ ഉപതെരഞ്ഞെടുപ്പ‌് കഴിയുന്നതുവരെ ജോസഫ‌്‌–- -ജോസ‌് വിഭാഗം തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട‌് കോൺഗ്രസ‌് നേതൃതം തിങ്കളാഴ‌്ച നടത്താനിരുന്ന ചർച്ച അവസാന നിമിഷം മാറ്റി. യുഡിഎഫ‌് കൺവീനർ ബെന്നി ബഹന്നാൻ വിദേശത്തായതിനാലാണ‌് ചർച്ച മാറ്റിയതെന്നാണ‌് കോട്ടയം ഡിസിസി പ്രസിഡന്റ‌് ജോഷി ഫിലിപ്പിന്റെ വിശദീകരണം. ചൊവ്വാഴ‌്ച പകൽ മൂന്നിന‌് ഡിസിസി ഓഫീസിൽ ചർച്ചനടത്തുമെന്നും അറിയിച്ചു. സമവായ ചർച്ചയ‌്ക്ക‌് തീരുമാനിച്ചിരിക്കെ,  ജോസ‌് കെ മാണിക്ക‌് എതിരെ രൂക്ഷ വിമർശനമുയർത്തിയുള്ള പി ജെ ജോസഫ‌ിന്റെ അഭിമുഖം സ്വകാര്യ ചാനൽ സംപ്രേഷണം ചെയ‌്തിരുന്നു. ഇതിനു പിന്നാലെയാണ‌് ചർച്ച മാറ്റിയെന്ന‌് അറിയിച്ചത‌്.


പ്രധാന വാർത്തകൾ
 Top