22 October Tuesday

എംജി സർവകലാശാല ബികോം പരീക്ഷ ചോദ്യങ്ങൾ വിഷയത്തിന്‌ പുറത്തുനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


പത്തനംതിട്ട
എംജി സർവകലാശാല ബികോം (പ്രൈവറ്റ് ) പരീക്ഷയിൽ  വിഷയം മാറി ചോദ്യങ്ങൾ. ഈ മാസം ആറിന്‌   നടന്ന എന്റർപ്രണർഷിപ്പ് ഡവലപ്പ്മെൻറ്‌ ആൻഡ്  പ്രൊജക്ട്‌ മാനേജ്മെന്റ്‌  ഇന്റേണൽ പരീക്ഷയാണ്‌ വിദ്യാർഥികളെ വലച്ചത്.   നാലാം സെമസ്റ്ററിലെ ഈ വിഷയത്തിന്റെ  ഇന്റേണൽ പരീക്ഷയുടെ  മുഴുവൻ ചോദ്യങ്ങളും ചരക്കുസേവനനികുതി (ജിഎസ്‌ടി) എന്ന വിഷയത്തിൽനിന്നായിരുന്നു.

ബിഎ/ബികോം പ്രൈവറ്റ് വിദ്യാർഥികൾക്ക് പൊതുപരീക്ഷയുടെ ഭാഗമായാണ് ഇന്റേണൽ  പരീക്ഷ. 80 മാർക്കിന്  വിവരണാത്മക ചോദ്യങ്ങളോടൊപ്പം 20 മാർക്കിന് ഒബ്ജക്ടീവ് ഇന്റേണൽപരീക്ഷയും ഉൾപ്പെടുത്തി 100 മാർക്കിനാണ്‌ പരീക്ഷ.  ഓരോ വിഷയത്തിനും ചുരുങ്ങിയത്  100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ  അടങ്ങുന്ന ചോദ്യാവലി പൊതുപരീക്ഷക്ക് രണ്ടുമാസം  മുൻപ്  സർവകലാശാലയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും . അതിൽ നിന്നുള്ള ചോദ്യങ്ങളാണ് അതതു വിഷയത്തിന്റെ ഇന്റേണൽ  പരീക്ഷയ്ക്ക് ഉൾപ്പെടുത്തുന്നത്. . അതിനാൽ  ഇന്റേണലിന്റെ മൊത്തം മാർക്കും  ഭൂരിപക്ഷം വിദ്യാർഥികളും സ്കോർ ചെയ്യും.  എന്നാൽ വെബ്സൈറ്റിൽ ഇല്ലാത്ത വിഷയത്തിൽനിന്ന് ചോദ്യങ്ങൾ വന്നതിനാൽ  വിദ്യാർഥികൾക്ക് 20 മാർക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്‌.

2017 അഡ്മിഷൻകാരായ 9800-ൽ അധികം  പ്രൈവറ്റ് വിദ്യാർഥികളാണ്‌ ഇപ്പോൾ  മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ എഴുതുന്നത്‌.  പരീക്ഷാ കലണ്ടർ പ്രകാരം ഇവരുടെ പരീക്ഷകൾ  ജൂലൈ മൂന്നിന് തീരേണ്ടതാണ്. നീട്ടി വച്ച പരീക്ഷകൾ ഒക്ടോബർ വരെ നീണ്ടുപോകും. അതിനാൽ അടുത്ത മാർച്ചിൽ നടക്കേണ്ട അഞ്ചും ആറും സെമസ്റ്റർ പഠിച്ചെഴുതാൻ ഇവർക്ക് ഇനി അഞ്ച്‌ മാസം മാത്രമേ ലഭിക്കൂ.

പരീക്ഷയിലെ പ്രശ്‌നം  സംബന്ധിച്ച്‌ സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷനും  വിദ്യാർഥികളും എംജി സർവകലാശാലാ വിസിയ്ക്ക്  പരാതി നൽകിയതായി  അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ആർ  അശോക്‌ കുമാർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top