18 October Friday

അതിക്രമം തടയൽ കേസുകള്‍: ഇരയെയോ ബന്ധുവിനെ യോ കക്ഷിയാക്കി വാദം കേൾക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


കൊച്ചി
പട്ടികജാതി -പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളിൽ ജാമ്യഹർജിയുൾപ്പെടെ പരിഗണിക്കുമ്പോൾ ഇരയെയോ ബന്ധുവിനെയോ കക്ഷിയാക്കി വാദം കേൾക്കണമെന്ന് ഹൈക്കോടതി നിർദേശം. 2016 ജനുവരി മൂന്നിന് ഇതു സംബന്ധിച്ച നിയമഭേദഗതി നിലവിൽ വന്നശേഷം ഇത്തരം കേസുകളിൽ ഇരകളെക്കൂടി കേൾക്കണമെന്ന് നിയമത്തിലെ 15 എ വകുപ്പിൽ പറയുന്നുണ്ട്. അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു.

തൃപ്രയാർ -ചേർപ്പ് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഗീത ഗോപി എംഎൽഎ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച കേസിൽ തൃശൂർ ചേർപ്പ് സ്വദേശി സി കെ വിനോദ് ഉൾപ്പെടെ 11 കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ക്രിമിനൽ അപ്പീൽ പരിഗണിക്കുമ്പോഴാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റാണ് സി കെ വിനോദ്. ഈ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. പട്ടികജാതിക്കാർക്കു നേരെയുള്ള അക്രമം തടയൽ നിയമപ്രകാരമുള്ള ഹർജിയിൽ ഇരകളെക്കൂടി കക്ഷി ചേർത്തിട്ടുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രി ഉറപ്പാക്കാനും ഇരയുടെ മേൽവിലാസം അറിയില്ലെങ്കിൽ പ്രോസിക്യൂഷൻ മുഖേന ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരിയായ ഗീത ഗോപി എംഎൽഎയുടെ വാദം  കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി അപ്പീൽ ഹർജി സെപ്തംബർ 19ലേക്ക് മാറ്റി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top