Deshabhimani

ഓണത്തിനൊരുങ്ങുന്നു കുടുംബശ്രീയുടെ പൂപ്പാടങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:09 AM | 0 min read


കൊച്ചി
ഓണക്കാലത്തേക്ക്‌ ഇത്തവണയും കുടുംബശ്രീ നേതൃത്വത്തിൽ പൂപ്പാടങ്ങൾ ഒരുങ്ങുകയാണ്‌. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ 14 ബ്ലോക്കുകളിലായി 29 ഏക്കറിലാണ്‌ പൂക്കൃഷി. മഞ്ഞ, ഓറഞ്ച്‌ ചെണ്ടുമല്ലിയും വാടാമല്ലിയുമാണ്‌ നട്ടിട്ടുള്ളത്‌. ജൂൺ അവസാനത്തോടെ കുടുംബശ്രീ നേതൃത്വത്തിലുള്ള ജെഎൽജി (ജോയിന്റ്‌ ലയബലിറ്റി ഗ്രൂപ്പ്‌) സംഘങ്ങളുടെ നേതൃത്വത്തിൽ പൂക്കൃഷി തുടങ്ങി. രണ്ടരമാസത്തോളമാണ്‌ ചെടികൾ പൂവിടാൻ വേണ്ടത്‌. കഴിഞ്ഞവർഷം എട്ട്‌ ഏക്കർ സ്ഥലത്തായിരുന്നു കൃഷി. അഞ്ചു ടൺ പൂക്കളാണ്‌ വിളവെടുത്തത്‌. അഞ്ചുലക്ഷത്തോളം രൂപ വിൽപ്പനയിലൂടെ ലഭിച്ചു. ഇത്തവണ കൂടുതൽ സംഘങ്ങൾ കൃഷി ചെയ്യാൻ മുന്നോട്ടുവരികയായിരുന്നു. 

തൈകൾ വാങ്ങാനും മറ്റ്‌ അനുബന്ധപ്രവർത്തനങ്ങൾക്കുമായി ജില്ലാ മിഷനിൽനിന്ന്‌ 10,000 രൂപ കൃഷി ചെയ്യുന്ന സംഘങ്ങൾക്ക്‌ നൽകിയിരുന്നു. മറ്റ്‌ സഹായങ്ങൾക്ക്‌ കമ്യൂണിറ്റി റിസോഴ്‌സ്‌ പേഴ്‌സൺമാരെയും ചുമതലപ്പെടുത്തി. പൂക്കൾ വിറ്റശേഷമുള്ള ലാഭത്തിൽനിന്ന്‌ തുക തിരിച്ചടയ്‌ക്കണം. ഇപ്രാവശ്യം കനത്തമഴ പലയിടത്തും പൂക്കൃഷിയെ ബാധിച്ചിട്ടുണ്ട്‌. കവളങ്ങാട്ടും പുത്തൻവേലിക്കരയിലും കൃഷിനാശമുണ്ടായി. അതിനാൽ അർഹരായ ഗ്രൂപ്പുകൾക്ക്‌ തിരിച്ചടവിൽ ആവശ്യമായ ഇളവുകൾ ചെയ്യാൻ നിർദേശിക്കും.

വിൽപ്പന 
വ്യാപിപ്പിക്കും
അത്തംമുതൽ വിൽപ്പന നടത്തുംവിധം പൂക്കൃഷി വിളവെടുക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും പൂക്കളുടെ വിൽപ്പനയ്‌ക്കായി പുതിയ മാർഗങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റജീന പറഞ്ഞു. കൃഷിയിടത്തിന്റെ പരിസരപ്രദേശങ്ങളിൽമാത്രം വിൽപ്പനയെന്ന രീതിയിൽനിന്ന് മാറി നഗരങ്ങളിലടക്കം കൂടുതൽ ആവശ്യക്കാരെ കണ്ടെത്തി പൂക്കൾ എത്തിച്ചുനൽകും. ഇതുസംബന്ധിച്ച്‌ കോളേജുകളുമായും ഇൻഫോപാർക്ക്‌ അടക്കം വിവിധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്‌. കുടുംബശ്രീയുടെ ഓണച്ചന്തകൾവഴിയും വിൽപ്പനയുണ്ടാകും.
 



deshabhimani section

Related News

View More
0 comments
Sort by

Home