26 September Monday

വെള്ളപ്പൊക്കം: ഏലൂരിൽ 
ആശങ്ക അകലുന്നില്ല ; പുഴയ്ക്ക് സംരക്ഷണഭിത്തി പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022


കളമശേരി
പെരിയാറിലെ ജലനിരപ്പ് അപകടനിലയിലേക്ക്‌ എത്തുമെന്ന മുന്നറിയിപ്പ്‌ വരുന്നതിനുമുമ്പുതന്നെ ഏലൂർ നഗരസഭയിലെ പവർലൂം കോളനി, കുറ്റിമാക്കൽ ബൈറോഡ്, ബോസ്‌കോ കോളനി എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളമെത്തും. ഇതുതടയാൻ പുഴയ്ക്ക് സംരക്ഷണഭിത്തി നിർമിക്കുന്ന കാര്യം ഉദ്യോഗസ്ഥരുടെ പരിഗണനയിലാണ്‌.

ഓരോ മഴക്കാലത്തും മൂന്നും നാലും തവണയാണ് പ്രദേശത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നത്. ഒരാഴ്ചത്തെ ക്യാമ്പുജീവിതം കഴിഞ്ഞ് തിങ്കളാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും അണക്കെട്ടുകൾ തുറന്ന് പെരിയാറിൽ വീണ്ടും വെള്ളം ഉയർന്നു. ഈ സാഹചര്യത്തിലാണ് സംരക്ഷണഭിത്തി വേണമെന്ന ആവശ്യമുയർന്നത്.

പവർലൂം കോളനിയിൽ ആദ്യം വെള്ളം കയറുന്നത് പൂവത്തുംപറമ്പിൽ സനുവിന്റെ വീട്ടിലാണ്. വളഞ്ഞൊഴുകുന്ന പുഴ, ജലനിരപ്പുയർന്നാൽപ്പിന്നെ പുരയിടങ്ങളിലൂടെയാണ് ഒഴുകുക. കഴിഞ്ഞയാഴ്ച പ്രദേശത്തെ മിക്ക വീടുകളിലും നാലടിവരെ വെള്ളം കയറിയിരുന്നു. താഴ്ന്നപ്രദേശമായ ബോസ്‌കോ കോളനിയിൽ ആഞ്ചലോ പീറ്ററിന്റെ വീട്ടിലാണ് ആദ്യം വെള്ളം കയറുക. ദിവസങ്ങളോളം വെള്ളത്തിൽ കുതിർന്നതുകൊണ്ട് വീടുകൾ തകർന്നുവീഴുമെന്ന ആശങ്കയിലാണ് പ്രദേശത്തുള്ളവർ.

ജനങ്ങളുടെ സുരക്ഷയ്ക്കായി പെരിയാറിന്റെ തീരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവുമായി 13–-ാംവാർഡ് കൗൺസിലർ കെ എം ഇസ്മയിൽ മന്ത്രി പി രാജീവിനും ജലസേചനവകുപ്പ്‌ അധികൃതർക്കും നിവേദനം നൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച ജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. വീടുകളിലേക്ക് വെള്ളം കയറുന്നത് തടയാൻ പുഴയോരം കെട്ടി സംരക്ഷിക്കണമെന്ന് ഉദ്യോഗസ്ഥരും വിലയിരുത്തി.

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ പെരിയാറിന്റെ ഇടമുളമുതൽ കോട്ടക്കുന്നുവരെയുള്ള തീരം കെട്ടി സംരക്ഷിക്കണം. അരമീറ്ററോളം തീരത്തിനുമുകളിൽ വരത്തക്കവണ്ണം രണ്ടുമീറ്റർ ഉയരത്തിലും ഒരുകിലോമീറ്റർ നീളത്തിലും സംരക്ഷണഭിത്തി കെട്ടേണ്ടിവരും. മൂന്നരക്കോടിയോളം രൂപ ചെലവുവരുമെന്ന് ജലസേചനവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top